LogoLoginKerala

എം വി ഗോവിന്ദനെതിരെ നിയമ നടപടിയെടുക്കുമെന്ന് കെ സുധാകരന്‍

 
k sudhakaran

തിരുവനന്തപുരം- മോന്‍സണ്‍ മാവുങ്കല്‍ ശിക്ഷിക്കപ്പെട്ട പോക്‌സോ കേസുമായി ബന്ധപ്പെടുത്തി വിവാദ പരാമര്‍ശം നടത്തിയ എം.വി.ഗോവിന്ദനെതിരെ സാധ്യമായ നിയമ നടപടികളെല്ലാം കൈക്കൊള്ളുമെന്ന് കെ പി സി സി പ്രസിഡണ്ട് കെ സുധാകരന്‍. പോക്‌സോ കേസിലെ രഹസ്യമൊഴി സിപിഎം സംസ്ഥാന സെക്രട്ടറി എങ്ങനെയറിഞ്ഞുവെന്ന് അദ്ദേഹം ചോദിച്ചു.  കേസില്‍ തന്നെ പ്രതിയാക്കുന്നതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത് സിപിഎമ്മാണെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണ്. പീഡന സമയത്ത് ഞാന്‍ അവിടെയുണ്ടായിരുന്നു എന്നാണ് ഗോവിന്ദന്‍ മാഷ് പറയുന്നത്. അദ്ദേഹം ആ സമയത്ത് എന്റെ അടുത്തുണ്ടായിരുന്നതു പോലെയാണ് പറച്ചില്‍. എനിക്ക് കേസുമായി യാതൊരു ബന്ധവുമില്ലെന്ന് പ്രതിയായ മോന്‍സന്‍ തന്നെ പലതവണ ആവര്‍ത്തിച്ചു പറഞ്ഞു. അതിജീവിതയായ പെണ്‍കുട്ടിയും എന്റെ പേരു പറഞ്ഞിട്ടില്ല. പോക്‌സോ കേസ് നടത്തുന്ന അഭിഭാഷകന്‍ പത്രക്കാരെ കണ്ടിരുന്നു. ഇത്തരമൊരു മൊഴി ആ പെണ്‍കുട്ടി നല്‍കിയിട്ടില്ല എന്ന് അദ്ദേഹവും വ്യക്തമാക്കിയിട്ടുണ്ട്. ഇതില്‍ ആരു പറയുന്നതാണ് വിശ്വസിക്കേണ്ടത്.
ഈ കേസിനു പിന്നിലുള്ള ശക്തിയാരെന്നു കണ്ടെത്താന്‍ ഞാന്‍ ഇതുവരെയും പാടുപെടുകയായിരുന്നു. ഇപ്പോള്‍ ഒരു കാര്യം വ്യക്തമായി. സിപിഎമ്മാണ് ഇതിനെല്ലാം പിന്നില്‍. സിപിഎമ്മിന്റെ സ്വാധീനമാണ് ഇതിനു പിന്നില്‍. സിപിഎമ്മിന്റെ പ്രാദേശിക നേതാക്കളുമായി ഈ ചെറുപ്പക്കാര്‍ക്ക് അഭേദ്യമായ ബന്ധമുണ്ട്. അങ്ങനെയാണ് ഈ പച്ച നുണ എനിക്കെതിരെ പ്രചരിപ്പിക്കുന്നത്. എനിക്കെതിരെ എന്തെങ്കിലും തെളിവു കാണിച്ചാല്‍ ഞാന്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് പറഞ്ഞ വാക്ക് ഇപ്പോഴും ആവര്‍ത്തിക്കുന്നു. മനസ്സാ വാചാ കര്‍മണാ ഈ സംഭവത്തില്‍ എനിക്ക് പങ്കില്ല. സാമ്പത്തികമായോ സാന്നിധ്യം കൊണ്ടോ എനിക്കതില്‍ യാതൊരു പങ്കുമില്ല- സുധാകരന്‍ പറഞ്ഞു.