രാജിവെക്കില്ല, ഹൈക്കമാന്‍ഡ് നേതാക്കളുടെ നിര്‍ദേശം മാനിക്കുന്നു; കെ സുധാകരന്‍
അറസ്റ്റിനെതിരെ പരസ്യപ്രതികരണത്തിന് ഹൈക്കമാന്‍ഡ് തയ്യാറാകാത്തത് കോണ്‍ഗ്രസില്‍ ചര്‍ച്ചയായി
കണ്ണൂര്‍ - കെ പി സി സി അധ്യക്ഷ സ്ഥാനം രാജിവെക്കില്ലെന്ന് കെ സുധാകരന്‍. പ്രസിഡന്റ് സ്ഥാനത്ത് തുടരുമെന്നും ഹൈക്കമാന്‍ഡ് നേതാക്കളുടെ നിര്‍ദ്ദേശം മാനിച്ച് തീരുമാനം മാറ്റുകയാണെന്നും സുധാകരന്‍ അറിയിച്ചു. കേസില്‍ പ്രതിയായതുകൊണ്ടാണ് മാറിനില്‍ക്കാന്‍ സന്നദ്ധത അറിയിച്ചത്. എന്നാല്‍ ഹൈക്കമാന്റ് നേതാക്കള്‍ ഒഴിയരുതെന്ന് ആവശ്യപ്പെട്ടു. അതോടെ ആ ചാപ്റ്റര്‍ അവസാനിച്ചെന്നും സുധാകരന്‍ പറഞ്ഞു. കേസ് അന്വേഷണവുമായി പൂര്‍ണ്ണമായി സഹകരിച്ചു. ചോദ്യം ചെയ്തതിനു ശേഷം പൂര്‍ണ്ണ ആത്മവിശ്വാസമുണ്ടെന്നും സുധാകരന്‍ പറഞ്ഞു.
അതേസമയം കെ പി സി സി പ്രസിഡണ്ടിനെ അറസ്റ്റ് ചെയ്തതിനെതിരെ ഹൈക്കമാന്‍ഡ് ഇതുവരെയും പരസ്യ പ്രതികരണം നടത്താത്തതില്‍ കെ സുധാകരന് അമര്‍ഷമുണ്ട്. സുധാകരനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത ദിവസം പാട്‌നയില്‍ പ്രതിപക്ഷ കക്ഷികളുടെ യോഗത്തില്‍ പങ്കെടുക്കുകയായിരുന്നു രാഹുല്‍ ഗാന്ധിയും സീതാറാം യെച്ചൂരിയുമടക്കമുള്ള നേതാക്കള്‍. സി പി എം കള്ളക്കേസില്‍ കുടുക്കുന്നുവെന്ന ആരോപണം ഹൈക്കമാന്‍ഡ് ഏറ്റുപിടിക്കാന്‍ തയ്യാറാകാതിരുന്നത് കേരള നേതൃത്വത്തിന് തിരിച്ചടിയാണ്.
തട്ടിപ്പുകേസില്‍ കെപിസിസി പ്രസിഡന്റ് പ്രതിയാകുന്നതും അറസ്റ്റിലേക്ക് നീങ്ങുന്നതും അസാധാരണമാണ്. രാഷ്ട്രീയ പ്രേരിതമെന്ന് പുറമെ പറയുമ്പോഴും അങ്ങനെയല്ലെന്നാണ് പരാതിക്കാരന്‍ സി ബി ഐ അന്വേഷണമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചതടക്കമുള്ള സംഭവവികാസങ്ങള്‍ വ്യക്തമാക്കുന്നത്. കോണ്‍ഗ്രസിലെ വലിയൊരു വിഭാഗം നേതാക്കള്‍ സുധാകരനെ നിരുപാധികം പിന്തുണയ്ക്കാന്‍ തയ്യാറാകാത്തതും ഇക്കാരണത്താലാണ്.
പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മാത്രമാണ് കെ സുധാകരനെ രാജിവെക്കാന്‍ അനുവദിക്കില്ലെന്ന കടുത്ത നിലപാട് സ്വീകരിച്ചത്. പുനര്‍ജനി കേസില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കെ തനിക്കെതിരെ വിജിലന്‍സ് നടപടിയുണ്ടായാല്‍ രാജി ആവശ്യം ഉയരാനുള്ള സാധ്യത മുന്‍കൂട്ടി കണ്ടാണ് അദ്ദേഹം സുധാകരന് സര്‍വാത്മനാ പിന്തുണ നല്‍കുന്നതെന്ന് വിമര്‍ശനമുണ്ട്.
രാഹുല്‍ഗാന്ധിയും മല്ലികാര്‍ജുന്‍ ഖര്‍ഗെയും കാര്യങ്ങളുടെ പോക്കില്‍ തൃപ്തരല്ലെന്നാണ് വ്യക്തമാകുന്നത്. അതല്ലായിരുന്നെങ്കില്‍ ഒരു കെ പി സി സി പ്രസിഡണ്ടിനെ അറസ്റ്റ് ചെയ്തതിനെതിരെ ഹൈക്കമാന്‍ഡിന്റെ അടിയന്തര ഇടപെടല്‍ ഉറപ്പായും ഉണ്ടാകേണ്ടതായിരുന്നു. പോക്‌സോ കേസിലും കോടികളുടെ സാമ്പത്തിക തട്ടിപ്പു കേസിലും പ്രതിയായി ശിക്ഷിക്കപ്പെട്ട മോന്‍സന്‍ മാവുങ്കലിനെ സുധാകരന്‍ ഈഘട്ടത്തിലും തള്ളിപ്പറയാന്‍ തയ്യാറാകാത്തത് കോണ്‍ഗ്രസ് നേതാക്കളെ അമ്പരപ്പിക്കുകയാണ്.