LogoLoginKerala

പുതുപ്പള്ളിയില്‍ സ്ഥാനാര്‍ത്ഥി ഉമ്മന്‍ ചാണ്ടിയുടെ കുടുബത്തില്‍ നിന്നു തന്നെ കെ സുധാകരന്‍

പുതുപ്പള്ളിയിലെ സ്ഥാനാര്‍ത്ഥി സംബന്ധിച്ച് പാര്‍ട്ടി തീരുമാനമെടുക്കുന്നതിന് മുമ്പ് ചെറിയാന്‍ ഫിലിപ്പ് അഭിപ്രായം പറഞ്ഞത് ശരിയായില്ലെന്ന് സുധാകരന്‍ ചൂണ്ടിക്കാട്ടി
 
K Sudhakaran

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന് സ്ഥാനര്‍ത്ഥി ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തില്‍ നിന്ന് മതിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. അത് മകനോ മകളോയെന്ന് കുടംബം തീരുമാനിക്കട്ടെയെന്നാണ് സുധാകരന്റെ വാക്കുകള്‍.

അതേസമയം, പുതുപ്പള്ളിയിലെ സ്ഥാനാര്‍ത്ഥി സംബന്ധിച്ച് പാര്‍ട്ടി തീരുമാനമെടുക്കുന്നതിന് മുമ്പ് ചെറിയാന്‍ ഫിലിപ്പ് അഭിപ്രായം പറഞ്ഞത് ശരിയായില്ലെന്ന് സുധാകരന്‍ ചൂണ്ടിക്കാട്ടി. ഉമ്മന്‍ചാണ്ടിയോടുള്ള ആദരവ് മാനിച്ച് പുതുപ്പള്ളിയില്‍ മത്സരം ഒഴിവാക്കാനുള്ള ഔചിത്യം ഇടതുമുന്നണി കാണിക്കണമെന്ന് കെ സുധാകരന്‍ അഭിപ്രായപ്പെട്ടു. ത്സരം ഒഴിവാക്കുന്നതിനെപ്പറ്റി ബിജെപിയും ചിന്തിക്കണംമെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഉമ്മന്‍ ചാണ്ടിയുടെ അനന്തരാവകാശിയാവാന്‍ എല്ലാ വിധ അര്‍ഹതയുമുള്ളത് ചാണ്ടി ഉമ്മനാണെന്ന പ്രസ്താവനയുമായി കോണ്‍ഗ്രസ് ചെറിയാന്‍ ഫിലിപ്പ് രംഗത്തെത്തിയിരുന്നു. ജനിച്ച നാള്‍ മുതല്‍ രാഷ്ട്രീയവായു ശ്വസിക്കുകയും കോണ്‍ഗ്രസിന്റെ സംസ്‌ക്കാരവും പ്രവര്‍ത്തന രീതിയും മനസ്സിലാക്കുകയും ചെയ്ത ചാണ്ടി ഉമ്മനാണ് പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ പിന്‍ഗാമിയായി വരേണ്ടതെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ് തന്റെ ഫേസ് ബുക്ക് പേജില്‍ കുറിച്ചിട്ടുണ്ട്. അതേസമയം, വനിതകള്‍ക്ക് രാഷ്ട്രീയത്തില്‍ സാദ്ധ്യതയേറി വരുന്ന ഇക്കാലത്ത്  മറിയയും അച്ചുവും രാഷ്ട്രീയത്തില്‍ വന്നാല്‍ അവരേയും വരവേല്‍ക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയും പ്രവര്‍ത്തകരും തയ്യാറാകുമെന്ന് ചെറിയാന്‍ ഫിലിപ്പ് ചൂണ്ടിക്കാട്ടി.

അതേസമയം, ഉമ്മന്‍ചാണ്ടിക്ക് പകരക്കാരനാവേണ്ടത് താന്‍ അല്ലെന്ന് മകന്‍ ചാണ്ടി ഉമ്മന്‍ പ്രതികരണം അറിയിച്ചിരുന്നു. ഉമ്മന്‍ചാണ്ടിയുടെ പിന്‍ഗാമിയാകാന്‍ ആര്‍ക്കും കഴിയില്ല. പുതുപ്പള്ളിയുടെ കാര്യത്തില്‍ പാര്‍ട്ടി തീരുമാനമെടുക്കുമെന്നാണ് നേരത്തെ ചാണ്ടി ഉമ്മന്‍ പറഞ്ഞത്. മത്സരിക്കുന്നതിനെ കുറിച്ച് ആലോചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.