LogoLoginKerala

'കെ സുധാകരന്‍ ഖേദം പ്രകടിപ്പിച്ചു, ആ അധ്യായം കഴിഞ്ഞു'; കെ സി വേണുഗോപാല്‍

 
kc

വിവാദപ്രസ്താവനകളില്‍ കെ പി സി സി പ്രസിഡണ്ട് കെ  സുധാകരന്‍ ഖേദം പ്രകടിപ്പിച്ചെന്നും അതോടെ ആ അധ്യായം അവസാനിച്ചെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. പരസ്യമായി അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. പറഞ്ഞത് നാക്കുപിഴയാണെന്നും വേണുഗോപാല്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

നെഹ്റുവിന്റെ വിശാലമായ ജനാധിപത്യ വീക്ഷണത്തെ കുറിച്ച് പറയുമ്പോള്‍ പറ്റിയ പിഴവാണ്. ആര്‍.എസ്.എസിനോട് സന്ധിചെയ്യാത്ത ഒരേയൊരു പാര്‍ട്ടിയേ ദേശീയതലത്തിലുള്ളൂ. അത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസാണ്. ആര്‍.എസ്.എസിനെതിരെ ശക്തമായ നിലപാടാണ് കോണ്‍ഗ്രസ് എല്ലാകാലത്തും സ്വീകരിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

സുധാകരന്റെ വാക്കുകളില്‍ ലീഗിന് ആശയക്കുഴപ്പം ഉണ്ടായതില്‍ അവരെ കുറ്റപ്പെടുത്താനാകില്ല. സുധാകരനെതിരെ എം.പിമാര്‍ ദേശീയ നേതൃത്വത്തിന് കത്തയച്ചതായി പറയപ്പെടുന്നുണ്ട്. പക്ഷേ അക്കാര്യം ഇതേവരെ ശ്രദ്ധയില്‍ പെട്ടിട്ടില്ല.

ആര്‍.എസ്.എസ് ശാഖയ്ക്ക് സംരക്ഷണം കൊടുത്തെന്നു പറഞ്ഞത് സുധാകരന്‍ സംഘടനാ കോണ്‍ഗ്രസിലുള്ളപ്പോള്‍ നടന്ന കാര്യമാണ്. 50 കൊല്ലം മുമ്പുള്ള കാര്യമാണത്. അദ്ദേഹം വേറൊരു പാര്‍ട്ടിയിലുള്ളപ്പോള്‍ നടത്തിയ കാര്യത്തെ കോണ്‍ഗ്രസുമായി കൂട്ടിച്ചേര്‍ക്കുന്നതെന്തിനാണ്? ആ കാലത്തെ അനുഭവം സ്മരിക്കുമ്പോള്‍ പറഞ്ഞതാണ്. ഇതൊക്കെ പറയുന്ന സി.പി.എം,  ബി ജെ പി നേതാക്കളായ എ ബി വാജ്‌പേയിയെയും എല്‍ കെ അദ്വാനിയേയും അത്താഴ വിരുന്ന് ഊട്ടിയ കാര്യം മറക്കരുതെന്നും കെ സി വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.