തൃശൂരില്‍ കാട്ടാനയെ കൊന്ന് കൂഴിച്ചുമൂടിയതായി സംശയം; സ്ഥലമുടമ ഒളിവില്‍

റബ്ബര്‍ തോട്ടത്തില്‍ കാട്ടാനയെ കൊന്ന് കുഴിച്ചുമൂടിയതായി സംശയം. ചേലക്കര മുള്ളൂര്‍ക്കര വാഴക്കോട് റോയ് എന്നയാളുടെ റബ്ബര്‍ തോട്ടത്തിലാണ് ആനയുടെ ജഡം കണ്ടെത്തിയത്. സ്ഥത്തിന്റെ ഉടമ റോയ് ഒളിവിലെന്ന് മച്ചാട് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ അറിയിച്ചു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍ ചൂണ്ടിക്കാട്ടി.
റോയിയുടെ പറമ്പില്‍ ആനയുടെ ജഡം കുഴിച്ചുമൂടി എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് വനംവകുപ്പ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചത്. ജെസിബി ഉപയോഗിച്ച് ജഡം പുറത്തെടുത്തു. അഴുകിയ നിലയിലാണ് ജഡം. ജഡത്തിന് രണ്ടുമാസത്തിലേറെ കാലപ്പഴക്കമുണ്ട്. എന്നാല്‍ ഒരു കൊമ്പ് മാത്രമാണ് കണ്ടെത്തിയത്. പെട്ടെന്ന് അഴുകാന്‍ രാസവസ്തുക്കള്‍ മറ്റും ഇട്ടിരുന്നോ എന്നതടക്കം പരിശോധിക്കേണ്ടതുണ്ട്. വനംവകുപ്പിന്റെ വെറ്ററിനറി ഡോക്ടര്‍ വന്ന് പരിശോധിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരികയുള്ളൂ. കാട്ടാനയുടെ ജഡത്തിന്റെ കാലപഴക്കം പരിശോധിച്ച് വരികയാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
സംഭവസ്ഥലം വാഴാനി വനമേഖലയോട് ചേര്‍ന്നുള്ള പ്രദേശമാണ്. കാട്ടാനയുടെ സാന്നിധ്യം സ്ഥിരമായി ഉള്ള പ്രദേശവുമാണ്. ആനയെ കൊന്നതാണെങ്കില്‍ വിഷയം ഗൗരവമായി എടുക്കുമെന്ന് വനം മന്ത്ി അറിയിച്ചു. ആന ചരിഞ്ഞതാണെങ്കില്‍ സ്വാഭാവികമായി വനംവകുപ്പിനെ അറിയിക്കേണ്ടതല്ലെ എന്ന് മന്ത്രി ചോദിച്ചു. എന്നാല്‍ ഇത്തരത്തില്‍ വനംവകുപ്പിനെ ആരും അറിയിച്ചിട്ടില്ല. അറിയിക്കാതെ കുഴിച്ചുമൂടിയത് എന്തിനെന്ന് സംശയമുണ്ട്. ഒരു കൊമ്പ് മാത്രമാണ് കണ്ടെത്തിയത്. പരിശോധന തുടരുകയാണ്. ആനയെ കൊന്നതാണെങ്കില്‍ നിയമനടപടി ഉണ്ടാവുമെന്നും മന്ത്രി അറിയിച്ചു.