LogoLoginKerala

പൊതുദര്‍ശനത്തിന് ജനം ഒഴുകി, ഇരിങ്ങാലക്കുടയുടെ വികാരവായ്പില്‍ ഇന്നസെന്റിന്റെ അന്ത്യയാത്ര

 
pinarayi

ഇരിങ്ങാലക്കുട- എന്നും ഹൃദയത്തോട് ചേര്‍ത്തുപിടിച്ച ഇരിങ്ങാലക്കുടയിലേക്ക് ഇന്നസെന്റിന്റെ മൃതദേഹം എത്തിയത് കണ്ണീരടക്കി കാത്തു നിന്ന ആയിരങ്ങളുടെ വികാരവായ്പിലേക്ക്. നാടിന്റെ നായകനായിരുന്ന ഇന്നസെന്റിന് നാട്ടുകാര്‍ നല്‍കിയത് ഹൃദയസ്പര്‍ശിയായ അന്ത്യാഞ്ജലി. ഇന്നസെന്റിന്റെ വേര്‍പാടുമായി ഇനിയും പൊരുത്തപ്പെടാതെ കരഞ്ഞത് ഭാര്യ ആലീസ് മാത്രമല്ല, സംവിധായകരായ സത്യന്‍ അന്തിക്കാട്, പ്രിയദര്‍ശന്‍ തുടങ്ങിയ ആത്മമിത്രങ്ങളും വീട്ടമ്മമാരടക്കമുള്ള നാട്ടുകാരും മൃതദേഹത്തിന് മുന്നില്‍ വിങ്ങിപ്പൊട്ടി. 


ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ മൃതദേഹം എത്തുമ്പോള്‍ നഗരം ജനസാഗരമായി മാറിയിരുന്നു. ഇന്നസെന്റിനെ ഒരു നോക്കു കാണാന്‍ ആബാലവൃദ്ധം ജനങ്ങള്‍ പൊരിവെയിലത്ത് മണിക്കൂറുകള്‍ കാത്തു നിന്നു. പലരും പറയാന്‍ വാക്കുകള്‍ കിട്ടാതെ വിങ്ങിപ്പോട്ടി. കരച്ചിലടക്കാന്‍ കഴിയാതെ നിന്ന സത്യന്‍ അന്തിക്കാടിനെ ചേര്‍ത്ത് പിടിച്ച് ആശ്വസിപ്പിച്ചത് മുന്‍ മന്ത്രി വി എസ് സുനില്‍കുമാറാണ്. ഇന്നസെന്റ് അനശ്വരമാക്കിയ നിരവധി കഥാപാത്രങ്ങള്‍ക്ക് രൂപം നല്‍കിയ സത്യന്‍ അന്തിക്കാട് തൊട്ടടുത്ത അന്തിക്കാട് ഗ്രാമക്കാരന്‍ എന്ന നിലയില്‍ ഇന്നസെന്റുമായി ഏറ്റവുമടുത്ത ബന്ധം സൂക്ഷിച്ചയാളാണ്. ഇന്നസെന്റിന്റെ പ്രിയസംവിധായകനായ പ്രിയദര്‍ശനും കരഞ്ഞുകൊണ്ടാണ് ടൗണ്‍ഹാളിലേക്ക് കടന്നുവന്നത്. മൃതദേഹത്തിനകില്‍ പ്രിയദര്‍ശന്‍ നിന്ന ഏതാനും നിമിഷങ്ങള്‍ ഇരുവരും തമ്മിലുള്ള ആത്മബന്ധത്തിന്റെ ആഴം കാണിക്കുന്നതായിരുന്നു. 
മുഖ്യമന്ത്രി പിണറായി വിജയന്‍ ഭാര്യ കമലയോടൊപ്പമാണ് അന്തിമോപചാരം അര്‍പ്പിച്ചത്. കടവന്ത്ര രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെ പൊതുദര്‍ശനത്തിനു ശേഷമാണ് വിലാപയാത്രയായി ഇരിങ്ങാലക്കുടയിലെത്തിച്ചത്. നാട്ടുകാരിയായ മന്ത്രി ആര്‍ ബിന്ദു മുഴുവന്‍ സമയവും കൂടെയുണ്ടായിരുന്നു. മന്ത്രി എം ബി രാജേഷ്, എ വിജയരാഘവന്‍, എ സി മൊയ്തീന്‍, ടൊവിനോ തോമസ്, ബിജു മേനോന്‍ തുടങ്ങി പ്രമുഖരുടെ വലിയൊരു നിരതന്നെ ഇന്നസെന്റിന് അന്തിമോപചാരമര്‍പ്പിക്കാനെത്തിയിരുന്നു. അന്ത്യാഞ്ജലിയര്‍പ്പിക്കാനെത്തിയ നാട്ടുകാരുടെ പ്രവാഹം അനന്തമായി നീണ്ടതോടെ പൊതുദര്‍ശനത്തിന്റെ സമയക്രമവും തെറ്റി.

ടൗണ്‍ഹാളില്‍ നിന്ന് വീട്ടിലേക്ക് മൃതദേഹം എടുക്കുന്നതിന് മുമ്പ് തന്നെ കുടുംബാംഗങ്ങള്‍ ഇവിടെ നിന്ന് വീട്ടിലേക്ക് പോയി. ഇന്നസെന്റില്ലാത്ത 'പാര്‍പ്പിട'ത്തിലേക്ക് ആദ്യമായി എത്തിയത് നെഞ്ച് പൊട്ടിക്കരഞ്ഞുകൊണ്ടാണ്. ബന്ധുക്കള്‍ക്കാര്‍ക്കും അവരെ ആശ്വസിപ്പിക്കാന്‍ കഴിഞ്ഞില്ല. ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകളില്‍ ഇന്നസെന്റിനൊപ്പം ഒരേ മനസോടെ നിന്ന ആലീസ് അസാധാരണമായ നര്‍മബോധത്തോടെയാണ് ഇന്നസെന്റിന്റെ ജീവിതയാത്രയിലുടനീളം ഒപ്പം നിന്നത്. 
ആറു മണിയോടെയാണ് വിലാപയാത്രയായി മൃതദേഹം വീട്ടിലേക്ക് കൊണ്ടുവന്നത്. പ്രാര്‍ഥനാ ചടങ്ങുകള്‍ക്ക് ശേഷം വീടിന്റെ മുന്നില്‍ പൊതുദര്‍ശനത്തിന് വെച്ചു. രാത്രിയിലും പൊതുദര്‍ശനം തുടരും. ചൊവ്വാഴ്ച രാവിലെ പത്ത് വരെ വീട്ടില്‍ പൊതുദര്‍ശനമുണ്ടാകും. തുടര്‍ന്ന് ഇരിങ്ങാലക്കുട കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍ സംസ്‌കാരം നടക്കും. മതാപിതാക്കളുടെ കല്ലറയ്ക്ക് സമീപം ആകും ഇന്നസെന്റിന്റെ സംസ്‌കാരവും നടക്കുക.