ആഗോള മാധ്യമസ്വാതന്ത്ര്യ സൂചികയില്‍ ഇന്ത്യ കൂടുതല്‍ പിന്നിലേക്ക്, 180ല്‍ 161

ന്യൂഡല്‍ഹി- പത്രസ്വാതന്ത്ര്യത്തിന്റെ ആഗോള ശരാശരിയില്‍ ഇന്ത്യയുടെ നില പരമദയനീയം. 2023ലെ വേള്‍ഡ് പ്രസ് ഫ്രീഡം ഇന്‍ഡക്സില്‍ ഇന്ത്യയുടെ റാങ്കിംഗ് 180 രാജ്യങ്ങളില്‍ 161 ആയി കുറഞ്ഞുവെന്ന് ആഗോള മാധ്യമ നിരീക്ഷണ സംഘടനയായ റിപ്പോര്‍ട്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സ് (ആര്‍എസ്എഫ്) പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ട് പറയുന്നു.
ശ്രീലങ്കയും സൂചികയില്‍ കാര്യമായ പുരോഗതി കൈവരിച്ചു, 2022 ലെ 146 ല്‍ നിന്ന് ഈ വര്‍ഷം 135 ആം സ്ഥാനത്തെത്തി. നോര്‍വേ, അയര്‍ലന്‍ഡ്, ഡെന്‍മാര്‍ക്ക് എന്നീ നോര്‍ഡിക് ത്രയം പത്രസ്വാതന്ത്ര്യത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ തുടര്‍ന്നു, വിയറ്റ്‌നാം, ചൈന, ഉത്തര കൊറിയ എന്നിവ അവസാന മൂന്ന് സ്ഥാനങ്ങളില്‍ എത്തി.
മാധ്യമസ്വാതന്ത്ര്യത്തെ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയെന്ന സ്വയം പ്രഖ്യാപിത ലക്ഷ്യമായ ഒരു അന്താരാഷ്ട്ര എന്‍ജിഒയാണ് ആര്‍ എസ് എഫ്. എല്ലാ വര്‍ഷവും ഇവര്‍ മാധ്യമസ്വാതന്ത്ര്യത്തിന്റെ ആഗോള റാങ്കിംഗ് പുറത്തിറക്കാറുണ്ട്. എല്ലാ വര്‍ഷവും പ്രസിദ്ധീകരിക്കുന്ന വേള്‍ഡ് പ്രസ് ഫ്രീഡം ഇന്‍ഡക്സിന്റെ ലക്ഷ്യം മുന്‍ വര്‍ഷത്തില്‍ 180 രാജ്യങ്ങളിലും പ്രദേശങ്ങളിലും മാധ്യമപ്രവര്‍ത്തകര്‍ക്കും മാധ്യമങ്ങള്‍ക്കും ലഭിച്ച മാധ്യമ സ്വാതന്ത്ര്യത്തിന്റെ നിലവാരം താരതമ്യം ചെയ്യുക' എന്നതാണ്.
ശാരീരികവും മാനസികവുമായ സുരക്ഷയ്ക്ക് ഭീഷണിയില്ലാതെ രാഷ്ട്രീയവും സാമ്പത്തികവും നിയമപരവും സാമൂഹികവുമായ ഇടപെടലുകളില്‍ നിന്ന് സ്വതന്ത്രമായി പൊതുതാല്‍പ്പര്യത്തില്‍ വാര്‍ത്തകള്‍ തിരഞ്ഞെടുക്കാനും നിര്‍മ്മിക്കാനും പ്രചരിപ്പിക്കാനുമുള്ള വ്യക്തികളും കൂട്ടായ്മകളും എന്ന നിലയിലുള്ള മാധ്യമപ്രവര്‍ത്തകരുടെ കഴിവ് എന്നതാണ് പത്രസ്വാതന്ത്ര്യത്തിന് അവര്‍ നല്‍കുന്ന നിര്‍വചനം.