LogoLoginKerala

കാനഡയിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി ഇന്ത്യ

 
Narendra Modi

ന്യൂഡല്‍ഹി: കാനഡയിലെ ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനങ്ങളുടേയും വിദ്വേഷ കുറ്റകൃത്യങ്ങളുടേയും പശ്ചാത്തലത്തില്‍ കാനഡയിലുള്ള ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം. അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് സന്ദേശത്തില്‍ പറയുന്നു. കാനഡയിൽ ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളും, അക്രമങ്ങളും നടക്കുന്ന മേഖലകളിലേക്ക് പോകരുതെന്നും ആവശ്യപ്പെട്ടു.

അതേസമയം സമാനമായ മുന്നറിയിപ്പ് കാനഡയും നല്‍കിയിരുന്നു. ഇന്ത്യയിലേക്കുള്ള യാത്ര ചെയ്യുന്നവര്‍ ജാഗ്രത പാലിക്കണമെന്നായിരുന്നു കാനഡയുടെ മുന്നറിയിപ്പ്. ഇന്ത്യയില്‍ താമസിക്കുന്ന കനേഡിയന്‍ പൗരന്‍മാര്‍ ജാഗ്രത പാലിക്കണമെന്നും കാനഡയും മുന്നറിയിപ്പ് നല്‍കി. ഖാലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന് ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചിരുന്നു. പ്രസ്താവനക്ക് പിന്നാലെ ഇരുരാജ്യങ്ങള്‍ക്കുമിടയിലെ നയതന്ത്ര ബന്ധം വഷളായിരുന്നു. രണ്ടു രാജ്യങ്ങളും നയതന്ത്ര പ്രതിനിധികളെ പുറത്താക്കി.

ട്രൂഡോയുടെ ആരോപണങ്ങള്‍ ഇന്ത്യയും തള്ളിക്കളഞ്ഞു. നിരോധിത ഖലിസ്ഥാന്‍ സംഘടനയായ ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സ് മേധാവിയും ഇന്ത്യ 10 ലക്ഷംരൂപ തലക്ക് വിലയിട്ട കൊടുംഭീകരനുമായ ഹര്‍ദീപ് സിംഗ് നിജ്ജാര്‍ (45) കഴിഞ്ഞ ജൂണ്‍ 18ന് കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലാണ് കൊല്ലപ്പെട്ടത്. ഇന്ത്യന്‍ സര്‍ക്കാരിന്റെ ഏജന്റുകളായിരിക്കാം കാനഡയില്‍ വെച്ച് നിജ്ജാറിനെ കൊന്നത് എന്നായിരുന്നു കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ പ്രസ്താവന. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ കേന്ദ്ര വിദേശ കാര്യ മന്ത്രി എസ് ജയശങ്കര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. കൂടാതെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.