LogoLoginKerala

മകനേ മടങ്ങി വരൂ! 25 വയസുകാരന്‍; സല്‍സ്വഭാവി! ഹോസ് കൊമ്പനെ തിരഞ്ഞ് വനം വകുപ്പ്

 
ana

മൂന്നാര്‍: 25 വയസുകാരന്‍ ശാന്തശീലനായ യുവാവിനെ കാണാനില്ല! പരസ്യത്തിലെ കക്ഷി മനുഷ്യനല്ല! ആനയാണ്. ഇടുക്കി ജില്ലയിലെ കാട്ടാനകളില്‍ പ്രധാനിയായിരുന്ന ഹോസ്‌കൊമ്പനെ കാണാതായി പത്ത് മാസം കഴിഞ്ഞതോടെയാണ് വനം വകുപ്പ് അന്വേഷണവുമായി രംഗത്തെത്തിയത്.  

മാട്ടുപ്പെട്ടി, കുണ്ടള, സാന്‍ഡോസ് കോളനി, പുതുക്കടി എന്നിവിടങ്ങളിലെ സ്ഥിരസാന്നിധ്യമായിരുന്ന ഹോസ്‌കൊമ്പനാണ് കാണാതായിരിക്കുന്നത്.  ഏകദേശം 25 വയസ്സു പ്രായമുള്ള കൊമ്പന്‍ പൊതുവേ ശാന്തനായിരുന്നു. മാട്ടുപ്പെട്ടി പശുവളര്‍ത്തല്‍ കേന്ദ്രത്തിനു സമീപമുള്ള പുല്‍മേട്ടില്‍ സ്ഥിരമായി ഇളം പുല്ലു തിന്നു നടക്കുന്ന ഹോസ്‌കൊമ്പന്‍ സ്ഥിരം കാഴ്ചയായിരുന്നു. 

കുടിവെള്ള സംഭരണികളും പൈപ്പുകളും തകര്‍ത്തു വെള്ളം കുടിക്കുന്നതു മാത്രമായിരുന്നു ഏക ദുശ്ശീലം. 2004 ല്‍ ഇത്തരത്തില്‍ പശുവളര്‍ത്തല്‍ കേന്ദ്രത്തിനു സമീപത്തു വെള്ളം കുടിക്കാനായി പൈപ്പ് പൊട്ടിക്കുന്നതിനിടയിലാണ് ഇരുമ്പ് പൈപ്പിന്റെ ഒരു ഭാഗം കൊമ്പില്‍ ഉടക്കിയത്. കൊമ്പില്‍ ഹോസുമായി ചുറ്റിക്കറങ്ങിയ കൊമ്പന് സാന്‍ഡോസ് കോളനിയിലെ വനം വകുപ്പ് വാച്ചറായിരുന്ന കന്തസ്വാമിയാണു ഹോസ്‌കൊമ്പന്‍ എന്ന പേരു നല്‍കിയത്.കൊമ്പന്‍ ടോപ് സ്റ്റേഷന്‍, വട്ടവട, കടവരി, ബന്ദര്‍ വഴി കൊടൈക്കനാലിലെ വനമേഖലയിലേക്കു പോയതാകുമെന്നാണു സാന്‍ഡോസ് കോളനിയിലെ ഗോത്രവിഭാഗക്കാരും വനം വകുപ്പ് വാച്ചര്‍മാരും പറയുന്നത്.