LogoLoginKerala

എ ഐ ക്യാമറ സ്ഥാപിച്ചതിന് സര്‍ക്കാരിനെ പ്രശംസിച്ച് ഹൈക്കോടതി

 
high court

കൊച്ചി- നൂതനമായ എ.ഐ. ക്യാമറ സ്ഥാപിച്ചതില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ പ്രശംസ. ആരോഗ്യപരമായ കാരണങ്ങളാല്‍ ഹെല്‍മെറ്റ് ഉപയോഗിക്കുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന രണ്ടുപേരുടെ ഹര്‍ജി പരിഗണിക്കുന്നിതിനിടയിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം.

എ.ഐ. ക്യാമറ സ്ഥാപിച്ചതില്‍ സര്‍ക്കാരിനേയും മോട്ടോര്‍ വാഹനവകുപ്പിനേയും പ്രശംസിച്ചതോടൊപ്പം, നൂതനമായ ഒരു സാങ്കേതിക വിദ്യയാണ് അവതരിപ്പിച്ചിരിക്കുന്നതെന്നും കോടതി പറഞ്ഞു. ഇതിനെ പ്രശംസിക്കുക തന്നെ വേണമെന്നും കോടതി വ്യക്തമാക്കി. ക്യാമറയും മറ്റും അനുബന്ധ ഘടകങ്ങളും വാങ്ങിയതിലെ സുതാര്യതയും അഴിമതിയുമാണ് ഉയര്‍ന്നുവന്ന ആരോപണങ്ങള്‍. അതിനെ മറ്റൊരു രൂപത്തില്‍ കാണണം. അഴിമതി ആരോപണങ്ങളുടെ പേരില്‍ ക്യാമറതന്നെ വേണ്ടെന്ന നിലപാട് ശരിയല്ല. ക്യാമറ സംവിധാനത്തെ അംഗീകരിച്ച് മുന്നോട്ടുപോകണമെന്നും കോടതി അഭിപ്രായപ്പെട്ടു. എ ഐ ക്യാമറ വിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കളായ വി ഡി സതീശനും രമേശ് ചെന്നിത്തലയും നല്‍കിയ ഹര്‍ജികള്‍ കോടതിയുടെ പരിഗണനയിലിരിക്കുമ്പോഴാണ് ഈ  പരാമര്‍ശമെന്നത് ശ്രദ്ധേയമാണ്.

അതേസമയം ഹെല്‍മെറ്റ് ധരിക്കുന്നതില്‍ നിന്ന് യാതൊരു തരത്തിലുള്ള ഒഴിവും ആര്‍ക്കും നല്‍കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.