LogoLoginKerala

എ ഐ ക്യാമറയില്‍ ഹൈക്കോടതി വിധി തിരിച്ചടിയല്ലെന്ന് ഗതാഗത മന്ത്രി

 
Antony Raju
തിരുവനന്തപുരം- എ.ഐ. ക്യാമറ സംബന്ധിച്ച കേസില്‍ സര്‍ക്കാരിന് തിരിച്ചടിയില്ലെന്ന് ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു. ഹൈക്കോടതി വിധിയില്‍ തിരിച്ചടി ഉണ്ടായത് പ്രതിപക്ഷത്തിനാണ്. ക്യാമറയുടെ പ്രവര്‍ത്തനം തടസപ്പെടുന്ന തരത്തില്‍ ഒരു ഉത്തരവും കോടതിയുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. ഹര്‍ജിക്കാരുടെ ഈ ആവശ്യം തള്ളിയെന്നും പ്രതിപക്ഷത്തെ പ്രശംസിച്ചുകൊണ്ടുള്ള ഒരു ഉത്തരവും ഇറങ്ങിയിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
എ ഐ ക്യാമറ പദ്ധതിക്കെതിരായുള്ള പ്രതിപക്ഷത്തിന്റെ ആരോപണത്തില്‍ കഴമ്പില്ലെന്ന് ഹൈക്കോടതിയ്ക്ക് ബോധ്യമായി. പദ്ധതിയില്‍ ക്രമക്കേടും അഴിമതിയും ഉണ്ടെന്ന് ബോധ്യപ്പെട്ടിരുന്നെങ്കില്‍ ഇടക്കാല ഉത്തരവിലൂടെ പദ്ധതി നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി ആവശ്യപ്പെടുമായിരുന്നു. ഹര്‍ജിക്കാരുടെ ആവശ്യം എ.ഐ. പദ്ധതി നിര്‍ത്തിവെക്കണമെന്നായിരുന്നു. എന്നാല്‍, ഈ ആവശ്യം ഹൈക്കോടതി തള്ളി. ഹര്‍ജിക്കാരെ പ്രശംസിച്ചുകൊണ്ട് ഒരു ഉത്തരവും ഇറങ്ങിയിട്ടില്ല-മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
എ ഐ ക്യാമറയുടെ പ്രവര്‍ത്തനവുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുമെന്ന് മന്ത്രി വ്യക്തമാക്കി.ഇതുവരെ ഒരു രൂപ പോലും കെല്‍ട്രോണിന് കൊടുത്തിട്ടില്ലെന്നും സമഗ്രമായ കരാര്‍ ഉണ്ടാകാന്‍ പോകുന്നതേയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ഹര്‍ജിക്കാരുടെ വക്കീലിന്റെ വാദം മാത്രമാണ് കോടതി കേട്ടതെന്നും മന്ത്രി പറഞ്ഞു.പണം കൊടുക്കാനുള്ള കരാര്‍ ഇനിയെ ഒപ്പിടു. ഉണ്ടാകാത്ത കാരറിനെക്കുറിച്ച് എന്ത് പരിശോധനയെന്നും മന്ത്രി ചോദിച്ചു. സമഗ്രമായ പരിശോധനകള്‍ നടത്തി കെല്‍ട്രോണും മോട്ടോര്‍ വാഹനവകുപ്പും തമ്മില്‍ കരാര്‍ ഉണ്ടാക്കിയ ശേഷം മാത്രമേ കെല്‍ട്രോണിന് മോട്ടോര്‍ വാഹന വകുപ്പ് പണം നല്‍കൂ എന്നതാണ് മന്ത്രിസഭാ തീരുമാനം. ക്യാമറ പ്രവര്‍ത്തിപ്പിക്കുന്നതിന് കരാറിന്റെ ആവശ്യമില്ല. പണം നല്‍കുന്നതിനാണ് കരാറിന്റെ ആവശ്യം- മന്ത്രി കൂട്ടിച്ചേര്‍ത്തു.