മഴ ശക്തമായി തുടരും: 9 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
കേരളത്തില്‍ ഇന്നും അതിശക്തമായ മഴ തുടരും. വടക്കന്‍ കേരളത്തില്‍ കഴിഞ്ഞ രണ്ട് ദിവസമായി മഴ തുടരുകയാണ്. കനത്ത മഴ തുടര്‍ന്ന സാഹചര്യത്തില്‍ ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു പിന്നീട് യെല്ലോ അലേര്‍ട്ടാക്കി മാറ്റി. ഈ ജില്ലകളെ കൂടാതെ 6 ജില്ലകള്‍ക്കും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ടാണ്.
മഴ ശക്തമായതോടെ 3 ജില്ലകളില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളിലാണ് അവധി. പ്രൊഫഷണല്‍ കോളേജുകള്‍ക്കും അംഗനവാടി ഉള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല.
കണ്ണൂരിലും, വയനാട്ടിലും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. അവധി മൂലം നഷ്ടപ്പെട്ടന്ന പഠന സമയം ക്രമീകരിക്കുന്നതിന് ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ നടപടികള്‍ സ്വീകരിക്കേണ്ടതാണെന്നും കളക്ടര്‍മാര്‍ അറിയിച്ചു. അവധിയായതിനാല്‍ കുട്ടികള്‍ അനാവശ്യമായി പുറത്തിറങ്ങുന്നത് രക്ഷിതാക്കള്‍ നിയന്ത്രിക്കണമെന്നും പരിസരങ്ങളിലെ പുഴകളിലോ നദീതടങ്ങളിലോ ഒരു കാരണവശാലും ഇറങ്ങരുതെന്നും ജാഗ്രത പുലര്‍ത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നു ജില്ലാകളക്ടര്‍ കൂട്ടിച്ചേര്‍ത്തു.
വിവിധ തീരങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തില്‍ മാറി താമസിക്കണം. മല്‍സ്യബന്ധനോപാധികള്‍ സുരക്ഷിതമാക്കി വെക്കണം. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടുള്ളതല്ലെന്നും നിര്‍ദേശമുണ്ട്.