LogoLoginKerala

വടക്കന്‍ ജില്ലകളില്‍ മഴ ശക്തം; കണ്ണൂരില്‍ നിര്‍മ്മാണത്തിലിരുന്ന ഇരുനില വീട് തകര്‍ന്നു

 
Kolayad

സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം വീണ്ടും മഴ ശക്തി പ്രാപിച്ചു. വടക്കന്‍ ജില്ലകളില്‍ രണ്ടു ദിവസമായി കനത്ത മഴ തുടരുകയാണ്. തുടര്‍ച്ചയായ മഴയില്‍ കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ വീടുകള്‍ തകര്‍ന്നു. വടക്കന്‍ ജില്ലകളിലെ മലയോരമേഖലകളില്‍ കനത്ത മഴയാണ് മഴ പെയ്യുന്നത്. മധ്യ കേരളത്തിലും മഴ ശക്തമായിട്ടുണ്ട്.

കണ്ണൂര്‍ കോളയാട് നിര്‍മ്മാണത്തിലിരുന്ന ഇരുനില വീട് തകര്‍ന്നു. പുലര്‍ച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം. രണ്ടാം നിലയുടെ കോണ്‍ക്രീറ്റ് ഒരാഴ്ച മുമ്പാണ് കഴിഞ്ഞത്. വീട് പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. കുറ്റ്യാടിയിലും മലപ്പുറം പോത്തുകല്ലിലും കിണര്‍ ഇടിഞ്ഞു താഴ്ന്നു.

പ്രദേശത്ത് ഇന്നലെ മുതല്‍ ശക്തമായ മഴയും കാറ്റും ഉണ്ടായിരുന്നു. കോഴിക്കോട് നാദാപുരം ചീയൂരില്‍ ട്രാന്‍സ്ഫോര്‍മറിന് മുകളില്‍ തെങ്ങു വീണ് വൈദ്യുതി തടസ്സപ്പെട്ടു. ചെറുമോത്ത് വീടിന് മുകളില്‍ മരം വീണു. വെള്ളൂരില്‍ തെങ്ങ് വീണ് വീടു തകര്‍ന്നു.

മലപ്പുറത്തും ശക്തമായ മഴയാണ്. മലപ്പുറം പോത്തുകല്ലില്‍ ജോര്‍ജിന്റെ വീട്ടിലെ കിണറാണ് ഇടിഞ്ഞു താഴ്ന്നത്. കുറ്റ്യാടി വടയത്ത് വാസുവിന്റെ വീട്ടിലെ കിണറും ഇടിഞ്ഞുതാണു. വടക്കന്‍ കേരളത്തിലെ പുഴകളിലെ നദികളിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ കാറ്റിനും സാധ്യത. കഴിഞ്ഞ ദിവസം മുതല്‍ വടക്കന്‍ ജില്ലകളില്‍ മഴ ശക്തമാണ്. ജാഗ്രതയുടെ ഭാഗമായി കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി നാളെയോടെ മറ്റൊരു ചക്രവാതചുഴി രൂപപ്പെടാന്‍ സാധ്യത. തുടര്‍ന്നുള്ള 24 മണിക്കൂറിനുള്ളില്‍ ഇത് ന്യുനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.