LogoLoginKerala

അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴ; നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

 
Heavy Rain

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ കാറ്റിനും സാധ്യത. കഴിഞ്ഞ ദിവസം മുതല്‍ വടക്കന്‍ ജില്ലകളില്‍ മഴ ശക്തമാണ്. ജാഗ്രതയുടെ ഭാഗമായി കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി നാളെയോടെ മറ്റൊരു ചക്രവാതചുഴി രൂപപ്പെടാന്‍ സാധ്യത. തുടര്‍ന്നുള്ള 24 മണിക്കൂറിനുള്ളില്‍ ഇത് ന്യുനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

24 മണിക്കൂറില്‍ 115.6 mm  204.4mm വരെ ലഭിക്കുന്നശക്തമായ മഴയാണ് ഓറഞ്ച് അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇന്ന് ഇടുക്കി, എറണാകുളം,  തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. തിങ്കളാഴ്ച ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ചൊവ്വാഴ്ച ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്.

അതിതീവ്ര മഴ അപകടങ്ങള്‍ സൃഷ്ടിക്കുകയാണ്. കണ്ണൂര്‍ ജില്ലയിലെ കോളയാട് ഗ്രമപഞ്ചായത്തിലെ പണിനടന്നു കൊണ്ടിരിക്കുന്ന വീട് തകര്‍ന്നു വീണു. ആര്‍ക്കും ആളപായമില്ല. കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ വ്യാപകമായി ലഭിച്ച സാഹചര്യത്തില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍, താഴ്ന്ന പ്രദേശങ്ങളിലും നഗരങ്ങളിലും വെള്ളക്കെട്ട് എന്നിവയുണ്ടാകാന്‍ സാധ്യതയുണ്ട്. പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ജൂലൈ 23 മുതല്‍ 27 വരെ കേരള- കര്‍ണാടക -ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത. കേരള- കര്‍ണാടക -ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.