LogoLoginKerala

കേരളത്തില്‍ അഞ്ച് ദിവസം വ്യാപക മഴ; 6 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

 
Heavy Rain

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. വടക്കന്‍ ജില്ലകളിലൊക്കെ രാവിലെ കനത്ത മഴയായിരുന്നു. പുതിയ ന്യൂനമര്‍ദ്ദ സാധ്യതയും ഒരുമിച്ച് മൂന്ന് ചക്രവാതചുഴിയുമാണ് സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകന്‍ കാരണമായത്.

തിങ്കളാഴ്ച്ചയോടെ വടക്ക്-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മധ്യ-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ഒഡിഷ - ആന്ധ്രാപ്രദേശ് തീരത്തിനു സമീപം പുതിയൊരു ന്യുനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

കേന്ദ്ര കാലാവസ്ഥാവകുപ്പ് വരും ദിവസങ്ങളില്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെയും തിങ്കളാഴ്ചയും ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും ബുധനാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.