കനത്ത മഴയിൽ ഇറ്റാലിയൻ ദ്വീപിൽ മണ്ണിടിഞ്ഞ് ഒരാൾ മരിച്ചു ; 12 പേരെ കാണാതായി
മിലൻ : കനത്ത മഴയെത്തുടർന്ന് തെക്കൻ ഇറ്റാലിയൻ റിസോർട്ട് ദ്വീപായ ഇഷിയയിലുണ്ടായ ഒരാൾ മരിക്കുകയും 12 പേരെ കാണാതാവുകയും ചെയ്തു. മണ്ണിടിച്ചിലിൽ കെട്ടിടങ്ങൾ നശിക്കുകയും പാർക്ക് ചെയ്തിരുന്ന കാറുകൾ കടലിലേക്ക് ഒഴുകി പോകുകയും ചെയ്തു. ശനിയാഴ്ച പുലർച്ചെയോടെയായിരുന്നു സംഭവം. ഒരു സ്ത്രീയുടെ മൃതദേഹം ചെളിയിൽ നിന്ന് പുറത്തെടുത്തതായി നേപ്പിൾസ് പ്രിഫെക്റ്റ് ക്ലോഡിയോ പലോംബ പറഞ്ഞു.
മഴ തുടരുന്നതിനാൽ രക്ഷാപ്രവർത്തകർ ചെറിയ ബുൾഡോസറുകൾ ഉപയോഗിച്ച് തിരച്ചിലിൽ നടത്തിവരികയാണ്. തിരച്ചിലിൽ സഹായിക്കാൻ സ്‌നിഫർ നായ്ക്കളുടെ ടീമുകൾ ഉൾപ്പെടെയെത്തിയിട്ടുണ്ട്. ആറ് മണിക്കൂറിനുള്ളിൽ ദ്വീപിൽ 126 മില്ലിമീറ്റർ (ഏകദേശം അഞ്ച് ഇഞ്ച്) മഴയാണ് പെയ്തത് . ഇത് 20 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയാണെന്നാണ് കാലാവസ്ഥ നിരീക്ഷകർ പറയുന്നത്. വൈദ്യുതിയും വെള്ളവുമില്ലാതെ 100 ഓളം പേർ ഒറ്റപ്പെട്ടതായാണ് ലഭിക്കുന്ന വിവരം.