ഇടുക്കിയിലെ 13 പഞ്ചായത്തുകളില്‍ നാളെ ഹര്‍ത്താല്‍
കൊച്ചി- മിഷന്‍ അരിക്കൊമ്പന്‍ തടഞ്ഞ ഹൈക്കോടതി നിലപാടില്‍ പ്രതിഷേധിച്ച് ഇടുക്കി ജില്ലയിലെ 13 പഞ്ചായത്തുകളില്‍ നാളെ ജനകീയ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. കുങ്കിയാനകളെ പാര്‍പ്പിച്ച താവളത്തിലേക്ക് വനം വകുപ്പിന്റെ ബാരിക്കേഡ് തകര്‍ത്ത് നാട്ടുകാര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. റോഡ് ഉപരോധിച്ചു. അരിക്കൊമ്പനെ കൂട്ടിലടയ്ക്കാന്‍ കഴിയില്ലെന്ന ഹൈക്കോടതി വിദഗ്ധസമിതിയുടെ തീരുമാനത്തെ അംഗീകരിക്കാനാവില്ല എന്ന നിലപാടിലാണ് നാട്ടുകാര്‍. ആനയെ പിടിക്കുന്നത് വരെ സമരത്തില്‍ നിന്നു പിന്മാറില്ലെന്നും ഇവര്‍ വ്യക്തമാക്കി.
ജനങ്ങളുടെ പ്രതിഷേധത്തില്‍ വനംവകുപ്പിന്റെ ഇരട്ടത്താപ്പാണ് സ്വീകരിച്ചത്. മാര്‍ച്ച് നടത്തി പിരിഞ്ഞു പോകാനൊരുങ്ങിയപ്പോഴേക്കും വനംവകുപ്പ് പോലീസിനെ വിവരമറിയിച്ചുവെന്നും ഇത് തങ്ങളുടെ പ്രതിഷേധം സംഘര്‍ഷാവസ്ഥയിലാണെന്ന് പുറംലോകത്തെ തെറ്റിദ്ധരിപ്പിക്കാനാണെന്നും ഇവര്‍ ആരോപിച്ചു.
മിഷന്‍ അരിക്കൊമ്പന്‍ വൈകുന്നത് തങ്ങളുടെ ജീവന് ഭീഷണിയാണെന്നും വീടുകളില്‍ നിന്ന് പുറത്തിറങ്ങാനാകുന്നില്ലെന്നും ഇവര്‍ പറയുന്നു. ഇനിയും മരണസംഖ്യ കൂടിയേക്കാമെന്നും 301 കോളനി ഒഴിപ്പിച്ചാല്‍ തീരുന്നതല്ല പ്രശ്നമെന്നുമാണ് ഇവര്‍ പറയുന്നത്.
അരിക്കൊമ്പന്റെ കൂടി ജീവന്റെ സുരക്ഷക്കാണ് അതിനെ മയക്കുവെടിവെച്ച് ഇവിടെ നിന്ന് സുരക്ഷിതമായി മാറ്റണമെന്ന് പറയുന്നത്. ആനകളോട് നാട്ടുകാര്‍ക്ക് വൈരാഗ്യബുദ്ധിയില്ല. നാട്ടുകാരുടെയും ആനകളുടെയും ജീവന് നല്ലത് അവയെ ഇവിടെ നിന്ന് സുരക്ഷിതമായി മാറ്റുന്നതാണെന്ന് ജനപ്രതിനിധികളടക്കം ചൂണ്ടിക്കാട്ടുന്നു.