ഹരീഷ് പേങ്ങന് അന്ത്യാഞ്ജലി
കൊച്ചി-ഇന്നലെ അന്തരിച്ച പ്രമുഖ സിനിമാ താരം ഹരീഷ് പേങ്ങന് (48) നാടിന്റെ അന്ത്യാഞ്ജലി. നെടുമ്പാശ്ശേരി തുരുത്തിശ്ശേരിയിലെ വീട്ടുവളപ്പില്‍ ചലചിത്ര താരങ്ങളായ സിദ്ദീഖ്, ബാബുരാജ് അടക്കമുള്ളവര്‍ ഹരീഷിന് ആദരാഞ്ജലികളുമായെത്തി. ഇന്ന് വൈകീട്ട് മൂന്നു മണിയോടെയായിരുന്നു സംസ്‌കാര ചടങ്ങുകള്‍.
കരള്‍ മാറ്റത്തിനായി സുഹൃത്തുക്കളും സുമനസ്സുകളും ചേര്‍ന്ന് സ്വരുക്കൂട്ടിയ ചികിത്സാ സഹായമുപയോഗിച്ച് ഹരീഷിനെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷ കെടുത്തിക്കൊണ്ടാണ് അദ്ദേഹം വിടപറഞ്ഞത്. മെയ് ആദ്യ വാരം വയറുവേദനയുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന് കരള്‍ രോഗമാണെന്ന് തിരിച്ചറിയുകയായിരുന്നു. ഹരീഷിന്റെ ഇരട്ട സഹോദരിയായ ശ്രീജ കരള്‍ ദാനം ചെയ്യാന്‍ സന്നദ്ധയായിരുന്നു. അതിനിടെയാണ് ചികിത്സ സഹായത്തിനുള്ള അഭ്യര്‍ത്ഥനയുമായി സുഹൃത്തുക്കള്‍ രംഗത്തിറങ്ങിയത്. വയറ്റില്‍ ഇന്‍ഫെക്ഷന്‍ ഉണ്ടെന്നും അത് കുറഞ്ഞാല്‍ മാത്രമേ ഓപ്പറേഷന്‍ നടത്താനാകൂ വെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നത്. സര്‍ജറിക്കായി 21 ലക്ഷം രൂപയായിരുന്നു ചെലവ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അതിന് ശേഷമുള്ള ചെലവും മറ്റ് അസ്വസ്ഥതകള്‍ മൂലമുള്ള അനുബന്ധ ചെലവുകളും കണക്കിലെടുത്ത് 30 ലക്ഷമാണ് ചികിത്സക്കായി ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നത്. ഈ തുക സ്വരൂപിക്കുന്നതിനായുള്ള ശ്രമത്തിലായിരുന്നു സൃഹൃത്തുക്കളും ബന്ധുക്കളും.
കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി ടൊവിനോ തോമസ് ഒരു വലിയ തുക നല്‍കി സഹായിച്ചിരുന്നുവെന്ന് ഹരീഷിന്റെ സുഹൃത്തും സംവിധായകനുമായ മനോജ് കെ.വര്‍ഗീസ് പറഞ്ഞു. ഹരീഷിന്റെ രോഗവിവരം അറിഞ്ഞു പത്തു മിനിറ്റിനുള്ളില്‍ ടൊവിനോ പണം അയയ്ക്കുകയും ഇനി ആവശ്യം വന്നാല്‍ അറിയിക്കണം എന്ന് പറയുകയും ചെയ്തിരുന്നു. ഹരീഷിന് വേണ്ടി പതിനേഴ് ലക്ഷം രൂപയോളം ഇതുവരെ ചെലവായിട്ടുണ്ട്. ഹരീഷിന് കിട്ടിയ ധനസഹായത്തിന് മുഴുവന്‍ കണക്കും ചെലവായ തുകയും ബാങ്ക് സ്റ്റേറ്റ്‌മെന്റ് ഉള്‍പ്പടെ ഉടന്‍തന്നെ കുടുംബം പുറത്തുവിടും. ഹരീഷിന് വേണ്ടി പണം വാങ്ങിയിട്ട് കരള്‍ മാറ്റി വയ്ക്കല്‍ നടന്നതുമില്ല, പണം തട്ടിയെടുത്തു എന്ന പഴി പിന്നീട് ഒരിക്കല്‍ കേള്‍ക്കരുതെന്ന് മനോജ് കെ വര്‍ഗീസ് പറഞ്ഞു.
സമീപകാലത്തെ നിരവധി ചിത്രങ്ങളിലെ ഹാസ്യവേഷങ്ങളിലൂടെ ശ്രദ്ധേയനായിരുന്നു താരം. മഹേഷിന്റെ പ്രതികാരം, ഷഫീക്കിന്റെ സന്തോഷം, ഹണീ ബി 2.5, വെള്ളരിപ്പട്ടണം, ജാനേ മന്‍, ജയ ജയ ജയ ഹേ, പ്രിയന്‍ ഓട്ടത്തിലാണ്, ജോ ആന്റ് ജോ, മിന്നല്‍ മുരളി തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍. ദുബായിയില്‍ നഴ്‌സായ തിരുവനന്തപുരം നെടുമങ്ങാട് പാലോട് ഋഷിഭവനില്‍ ബിന്ദു.കെ പിള്ളയാണ് ഭാര്യ. ഋഷി (എന്‍ജിനീയറിങ്ങ് വിദ്യാര്‍ഥി ), യദു (10 ക്ലാസ് വിദ്യാര്‍ഥി ) എന്നിവരാണ് മക്കള്‍.