LogoLoginKerala

പറക്കാൻ ഒരുങ്ങി സർക്കാർ: ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കുന്ന അന്തിമ ധാരണ പത്രം അടുത്തയാഴ്ച്ച

 
helicopter

തിരുവനന്തപുരം: സർക്കാർ ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കുന്ന അന്തിമ ധാരണ പത്രം അടുത്തയാഴ്ചയുണ്ടാകും. പാർക്കിംഗ് സംബന്ധിച്ചുള്ള തർക്കവും പരിഹരിച്ചു. ചിപ്‌സന്റെ ചാലക്കുടിയിലെ ഗ്രൗണ്ടിലാകും ഹെലികോപ്റ്റർ പാർക്ക് ചെയ്യുക.  ചിപ്സൺ എയർവെയ്സ് എന്ന കമ്പനിക്കാണ് ഹെലികോപ്റ്ററിന്റെ കരാർ നൽകിയിട്ടുള്ളത്. മാർച്ച് മാസത്തിലെ മന്ത്രിസഭായോഗത്തിന്റെ തീരുമാനങ്ങൾക്ക് അനുസരിച്ചാണ് ആഭ്യന്തരവകുപ്പ് അന്തിമ കരാറിൽ എത്തിയത്. ഇതിനായി പ്രതിമാസം 80 ലക്ഷം രൂപയ്‌ക്ക് സ്വകാര്യ കമ്പനിയുമായി കരാറില്‍ ഏര്‍പ്പെടാനാണ്  തീരുമാനം. രണ്ടാഴ്ചയ്‌ക്കുള്ളില്‍ ഹെലികോപ്റ്റര്‍ തിരുവനന്തപുരത്തെത്തും.

അതെസമയം സാമ്പത്തിക പ്രതിസന്ധിക്കിടെ വീണ്ടും ഒരു ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കുക എന്നതിനെ സംബന്ധിച്ചുള്ള ആക്ഷേപം ഉയർന്നതിനെ തുടർന്ന് ചിപ്സൺ ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കാൻ ഉള്ള ടെൻഡറിൽ യോഗ്യത നേടിയിരുന്നെങ്കിലും ഏറെകാലം അതിൽ അന്തിമ തീരുമാനം എടുക്കാതെ വെച്ചിരിക്കുകയായിരുന്നു. ടെൻഡർ കാലാവധി കഴിഞ്ഞതിന് ശേഷമാണ് മന്ത്രിസഭാ യോഗം  ചിപ്സണിൽ നിന്നും ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കാം എന്നുള്ള  അനുമതി നൽകിയത്.

അതിനിടയിൽ ഒരു നിയമ പ്രശ്നവും നേരിട്ടിരുന്നു. കാരണം ടെൻഡർ കാലാവധി കഴിഞ്ഞതിന് ശേഷം അനുമതി നൽകി കഴിഞ്ഞാൽ ടെൻഡറിൽ പങ്കെടുത്ത മറ്റു കമ്പനികൾ പ്രശ്നവുമായി രംഗത്ത് വരുമോ എന്നുള്ള ആശങ്ക ഉണ്ടായിരുന്നുവെങ്കിലും അതിനുള്ള നിയമോപദേശം തേടിയ ശേഷം കൃത്യമായ ധാരണാപത്രം ഒപ്പിടാം എന്ന ധാരണയിൽ എത്തിയത് എന്നാൽ  ഇതിനിടയിലാണ്  പാർക്കിംഗ് സംബന്ധിച്ചുള്ള പ്രശനം ഉയർന്നു വന്നത്.

തിരുവനന്തപുരത്ത് പാർക്കിംഗ് വേണമെന്നായിരുന്നു പോലീസിന്റെ ആവശ്യം. എന്നാൽ സ്വന്തമായി ചാലക്കുടിയിൽ ഹെലികോപ്റ്റർ പാർക്കിംഗ് ഗ്രൗണ്ട് ഉള്ളപ്പോൾ 5 മുതൽ 10 ലക്ഷം വരെയും പ്രതിമാസം വാടകയിനത്തിൽ നൽകുന്നത് എന്തിനെന്നാണ് ചിപ്സൺ ഉന്നയിച്ച ചോദ്യം. ഒടുവിൽ നടത്തിയ ചർച്ചയ്ക്ക് ശേഷം തിരുവനന്തപുരത്തേക്ക് പറന്നുയരുമ്പോൾ ഉള്ള തുക മാത്രമേ ഈടാക്കുകയായുള്ളു എന്നും ഒരാവശ്യത്തിന് തിരുവനന്തപുരത്തേയ്ക്ക് ഒന്നരമണിക്കൂർ കൊണ്ട് പറന്ന് എത്താം എന്നുള്ള തീരുമാനത്തിൽ അന്തിമ ധാരണ പത്രം ഒപ്പുവെക്കാൻ തീരുമാനമായിരിക്കുകയാണ്. അടുത്തയാഴ്ച സംസ്ഥാനത്തിന്റെ  പോലീസ് ചുമതലവഹിക്കുന്ന  എ.ഡി.ജി.പി ചിപ്സണിന്റെ അധികൃതരുമായി അന്തിമ ധാരണാപത്രം ഒരു വർഷത്തേക്ക് ഒപ്പുവെക്കും.