LogoLoginKerala

'കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ ഉത്തരവാദിത്വമില്ല' : സര്‍ക്കാര്‍ ഹൈക്കോടതിയില്‍

 
ksrtc

കൊച്ചി- കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ ഉത്തരവാദിത്വമില്ലെന്ന് സര്‍ക്കാര്‍.ധനവകുപ്പ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് വിശദീകരണം.കോര്‍പ്പറേഷന്‍ കാര്യക്ഷമമാക്കാന്‍ പരിഷ്‌ക്കരണങ്ങള്‍ സര്‍ക്കാര്‍ മുന്നേട്ട് വച്ചിരുന്നു. ഇത് അംഗീകരിക്കാന്‍ ജീവനക്കാരുടെ യൂണിയനുകള്‍ തയ്യാറായിട്ടില്ല. ദക്ഷിണേന്ത്യയിലെ ഏറ്റവും കാര്യക്ഷമമല്ലാത്ത ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനാണ് കെ എസ് ആര്‍ ടി സി. കാര്യക്ഷമമല്ലാത്ത കോര്‍പ്പറേഷനു കീഴിലെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കേണ്ട ബാധ്യതയില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കേണ്ടത് കോര്‍പ്പറേഷനാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
ഫെബ്രുവരി 22 വരെയുളള കണക്കനുസരിച്ച് സാമ്പത്തികവര്‍ഷത്തില്‍ 1315.005 കോടി രൂപയുടെ സഹായം കെ.എസ്.ആര്‍.ടി.സി.ക്ക് നല്‍കിയിട്ടുണ്ട്. ശമ്പളമടക്കം നല്‍കാനായി ഇതിനുപുറമേ 50 കോടിയും എല്ലാമാസവും നല്‍കുന്നുണ്ട്. പെന്‍ഷന്‍ നല്‍കാനായി 62.67 കോടിയും ഈ മാസം അനുവദിക്കുന്നുണ്ട്. കോവിഡ്കാലത്ത് സഹായംനല്‍കിയതിന്റെ പേരില്‍ എന്നും ഇത് വേണമെന്ന് അവകാശപ്പെടാനാകില്ല. ഇത് സര്‍ക്കാരിന്റെ നയപരമായ തീരുമാനത്തിന്റെ വിഷയമാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.