സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് വീണ്ടും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
എസ് എഫ് ഐ അംഗമായാല്‍ യോഗ്യതയില്ലെങ്കിലും അഡ്മിഷന്‍
കൊച്ചി- സര്‍ക്കാരിനെതിരെ ഇന്നും രൂക്ഷവിമര്‍ശനം തുടര്‍ന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വൈസ് ചാന്‍സലര്‍മാരുടെ പട്ടിക സര്‍ക്കാര്‍ തരാത്തതിനാല്‍ യൂണിവേഴ്‌സിറ്റികളില്‍ വൈസ് ചാന്‍സലര്‍മാരില്ലാത്ത അവസ്ഥയാണ്. ഉന്നത വി്ദ്യാഭ്യാസ രംഗം താറുമാറായി. കഴിവുള്ള വിദ്യാര്‍ഥികള്‍ വിദേശ രാജ്യങ്ങളിലേക്ക് പോകുകയാണെന്ന് ഗവര്‍ണര്‍ പറഞ്ഞു.
വ്യാജരേഖ വിവാദം ആളിക്കത്തുന്നതിനിടെ എസ് എഫ് ഐക്കെതിരെയും അദ്ദേഹം ആഞ്ഞടിച്ചു. സര്‍വകലാശാലകളില്‍ നിയമനം ലഭിക്കണമെങ്കില്‍ പാര്‍ട്ടി അംഗമായിരിക്കണം എന്നതാണ് സംസ്ഥാനത്തെ നിലവിലുള്ള സ്ഥിതിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. യോഗ്യതയില്ലാതെ പി.എച്ച്.ഡി അഡ്മിഷന്‍ ലഭിക്കണമെങ്കില്‍ പാര്‍ട്ടിയുടെ വിദ്യാര്‍ഥി സംഘടനയില്‍ അംഗമായിരിക്കണം. പാര്‍ട്ടിയുടെ യുവജന വിഭാഗത്തില്‍ അംഗമാണെങ്കില്‍ നിങ്ങള്‍ക്ക് പല ആനുകൂല്യങ്ങളും ലഭിക്കും. നിങ്ങള്‍ക്ക് പ്രത്യേക അധികാരങ്ങള്‍ ലഭിക്കും. യോഗ്യതയില്ലെങ്കിലും അഡ്മിഷന്‍ ലഭിക്കും, യോഗ്യതയില്ലെങ്കിലും സര്‍വകലാശാലയില്‍ നിയമനം ലഭിക്കും. ദൗര്‍ഭാഗ്യവശാല്‍ ഇതാണ് ഇന്നത്തെ അവസ്ഥ. ഇത്തരം നിരവധികാര്യങ്ങള്‍ നടക്കുന്നു. വിഷയം തന്റെ മുന്നിലെത്തിയാല്‍ നടപടി സ്വീകരിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. കെ വിദ്യ, നിഖില്‍ തോമസ് എന്നിവരുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കോളിളക്കം സൃഷ്ടിക്കുന്നതിനിടെയാണ് ഗവര്‍ണറുടെ പ്രതികരണം.