യുഎസ് പോലീസ് വാഹനമിടിച്ച് പെൺകുട്ടി കൊല്ലപ്പെട്ടു; ബഹുമതിയായി ഡിഗ്രി നല്‍കുമെന്ന് സര്‍വകലാശാല
അമേരിക്കയില്‍ പോലീസ് വാഹനമിടിച്ച് കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ഥിനി 23 കാരിയായ ജാഹ്നവി കണ്ടുലയ്ക്ക് മരണാനന്തര ബഹുമതിയായി ഡിഗ്രി നല്‍കുമെന്ന് നോര്‍ത്ത് ഈസ്റ്റേണ്‍ യൂണിവേഴ്‌സിറ്റി ചാൻസലര്‍ അറിയിച്ചു. “ഞങ്ങളുടെ ഇന്ത്യൻ വിദ്യാര്‍ത്ഥി സമൂഹത്തെ ഈ ദുരന്തവും അതിന് ശേഷമുള്ള സംഭവങ്ങളും ബാധിച്ചിട്ടുണ്ടെന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു.
ഞങ്ങള്‍ നിങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു. ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തിലൂടെ നീതി പുലരുമെന്ന് പ്രതീക്ഷിക്കുന്നു”- നോര്‍ത്ത് ഈസ്റ്റേണ്‍ യൂണിവേഴ്‌സിറ്റി ചാൻസലര്‍ പറഞ്ഞു. സൗത്ത് ലേക്ക് യൂണിയനിലെ നോര്‍ത്ത് ഈസ്റ്റേണ്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ ബിരുദാനന്തര ബിരുദ കോഴ്സിന് പഠിക്കുകയായിരുന്നു ജാഹ്നവി കണ്ടുല.
ആന്ധ്ര സ്വദേശിനിയാണ്. 2021ല്‍ സ്റ്റുഡന്റ് എക്‌സ്‌ചേഞ്ച് പ്രോഗ്രാമിന്‍റെ ഭാഗമായി ബെംഗളൂരുവില്‍ നിന്ന് യുഎസിലെത്തിയാണ് ജാഹ്നവി. ഈ ഡിസംബറില്‍ കോഴ്സ് കഴിയാനിരിക്കെയാണ് പോലീസ് കാറിടിച്ച് കൊല്ലപ്പെട്ടത്. 2023 ജനുവരി 23നാണ് റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് ജാഹ്നവിയെ അമിത വേഗതയിലെത്തിയ യുഎസ് പോലീസിന്‍റെ പട്രോളിങ് വാഹനം ഇടിച്ചുതെറിപ്പിച്ചത്. 119 കിലോമീറ്റര്‍/മണിക്കൂര്‍ വേഗതയിലാണ് കാര്‍ ഓടിച്ചിരുന്നത്.