LogoLoginKerala

ജി 20 ഉച്ചകോടിക്ക് ഇന്നു മുതൽ ആരംഭം

 
G 20

ന്യൂഡൽഹി:  ഇന്ത്യ ആതിഥ്യമരുളുന്ന ജി–-20 ഉച്ചകോടിയുടെ പതിനെട്ടാം പതിപ്പിന്‌ ശനിയാഴ്‌ച ഡൽഹിയിൽ ആരംഭിക്കും. പ്രഗതി മൈതാനത്തെ പ്രത്യേകം സജ്ജമാക്കിയ ഭാരത്‌ മണ്ഡപത്തിൽ ഇരുപതോളം രാഷ്‌ട്രത്തലവന്മാരും യൂറോപ്യൻ യൂണിയൻ, ആഫ്രിക്കൻ യൂണിയൻ തലവന്മാരും യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറെസും പങ്കെടുക്കും.

വസുധൈവ കുടുംബകം എന്ന ഉച്ചകോടിയുടെ സന്ദേശം അടിസ്ഥാനമാക്കി, ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്നിങ്ങനെ മൂന്ന് സെഷനുകളിലായാണ് വിവിധ വിഷയങ്ങളിലെ ചർച്ച. മൂന്നിലും പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ധ്യക്ഷത വഹിക്കും. ഇതിനിടെ നേതാക്കളുടെ ഉഭയകക്ഷി യോഗങ്ങളും നടക്കും. 15 ഉഭയകക്ഷി ചർച്ചകളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും.

പ്രധാനമന്ത്രിയുടെ ഔദ്യോഗികവസതിയിൽ രാഷ്ട്രനേതാക്കളുമായി കൂടിക്കാഴ്ചനടത്തും. സമാപന ദിവസമായ നാളെ രാവിലെ ലോക നേതാക്കൾ ഗാന്ധി സമാധിയായ രാജ്ഘട്ട് സന്ദർശിക്കും. തുടർന്ന് ഭാരത് മണ്ഡപത്തിൽ വൃക്ഷത്തൈ നടും. ആദ്യമായാണ്‌ ജി–-20 ഉച്ചകോടി ഇന്ത്യയിൽ നടക്കുന്നത്‌. ഇതിന്റെ ഭാഗമായി പ്രധാനവേദിക്ക്‌ പുറമേ ഡൽഹി നഗരഹൃദയത്തിലെ വൻ സൗന്ദര്യവൽക്കരണ പ്രവർത്തനവും പൂർത്തിയായി.

ജി 20 ഉച്ചകോടി നടക്കുന്നതിനാല്‍ കനത്ത സുരക്ഷയാണ് രാജ്യതലസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്. ജി 20 ഉച്ചകോടിയില്‍ ഇന്ത്യയിലെത്തിയ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്നലെ കൂടിക്കാഴ്ച നടത്തി. ഹൈദരാബാദ് ഹൗസിലായിരുന്നു കൂടിക്കാഴ്ച നടത്തിയത്. മൂന്നു വര്‍ഷത്തിനുശേഷമാണ് അമേരിക്കന്‍ പ്രസിഡന്റ് ഇന്ത്യയിലെത്തുന്നത്.

ജെറ്റ് എന്‍ജിന്‍ കരാര്‍, പ്രിഡേറ്റര്‍ ഡ്രോണ്‍ കരാര്‍, 5 ജി, 6 ജി സ്‌പെക്ട്രം, സിവില്‍ ന്യൂക്ലിയര്‍ മേഖലയിലും നൂതന സാങ്കേതിക വിദ്യയിലുള്ള സഹകരണം തുടങ്ങിയ വിഷയങ്ങളിലാണ് ചര്‍ച്ച നടന്നത്. ചര്‍ച്ചയ്ക്ക് ശേഷം പ്രധാനമന്ത്രിയുടെ അത്താഴവിരുന്നിലും ജോ ബൈഡന്‍ പങ്കെടുത്തു.