LogoLoginKerala

മണല്‍ മാഫിയ സംഘത്തെ സഹായിച്ചതായി കണ്ടെത്തല്‍; ഏഴ് പൊലീസുകാരെ പിരിച്ചു വിട്ടു.

 
Kerala Police

മണല്‍ മാഫിയ സംഘത്തെ സഹായിച്ച ഏഴ് പൊലീസുകാരെ പിരിച്ചു വിട്ടു. രണ്ട് ഗ്രേഡ് എഎസ്‌ഐമാരേയും അഞ്ച് സിപിഒമാരേയുമാണ് സര്‍വ്വീസില്‍ നിന്ന് നീക്കം ചെയ്തത്. കണ്ണൂര്‍ റേഞ്ച് ഡിഐജി പുട്ട വിമലാദിത്യയുടേതാണ് ഉത്തരവ്.

പിരിച്ചു വിട്ട ഏഴു പൊലീസുകാരും കണ്ണൂര്‍ റേഞ്ചില്‍ ജോലി ചെയ്യുന്നവരാണ്. പൊലീസിന്റെ നീക്കം മണല്‍ മാഫിയക്ക് ചോര്‍ത്തി നല്‍കിയെന്നാണ് കണ്ടെത്തല്‍. കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ ജോലി ചെയ്യുമ്പോഴാണ് പൊലീസുകാര്‍ അച്ചടക്ക ലംഘനം നടത്തിയത്.

ഗ്രേഡ് എഎസ്ഐമാരായ പി ജോയ് തോമസ് (കോഴിക്കോട് റൂറല്‍), സി ഗോകുലന്‍ (കണ്ണൂര്‍ റൂറല്‍), സിവില്‍ പോലീസ് ഓഫീസര്‍മാരായ പിഎ നിഷാര്‍ (കണ്ണൂര്‍ സിറ്റി), എംവൈ ഷിബിന്‍ (കോഴിക്കോട് റൂറല്‍), ടിഎം അബ്ദുള്‍ റഷീദ് (കാസര്‍ഗോഡ്), വിഎ ഷെജീര്‍ (കണ്ണൂര്‍ റൂറല്‍), ബി ഹരികൃഷ്ണന്‍ (കാസര്‍കോട്) എന്നിവരെയാണ് സര്‍വീസില്‍നിന്ന് നീക്കം ചെയ്തത്.

മണമണല്‍ മാഫിയ സംഘങ്ങള്‍ക്ക് സഹായകരമായ രീതിയില്‍ പ്രവര്‍ത്തിച്ചത് കണക്കിലെടുത്താണ് ഡി ഐജിയുടെ ഉത്തരവ്.  മുതിര്‍ന്ന പൊലീസ് ഓഫിസര്‍മാരുടെ നീക്കങ്ങളും ലൊക്കേഷനും മറ്റും ചോര്‍ത്തി ഇവര്‍ ചോര്‍ത്തി നല്‍കിയതായി കണ്ടെത്തി. ഈ പ്രവൃത്തി വഴി ഗുരുതരമായ അച്ചടക്ക ലംഘനം, കൃത്യവിലോപം, പെരുമാറ്റദൂഷ്യം, പൊലീസിന്റെ സല്‍പേരിന് കളങ്കം ചാര്‍ത്തല്‍ എന്നിവ ചെയ്തതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ഡിഐജിയുടെ ഉത്തരവില്‍ പറയുന്നു.