LogoLoginKerala

അമ്മ എടുത്ത വായ്പയ്ക്ക് മകന്റെ വീട് ജപ്തിക്ക്

ഗൗരവമായ ഇടപെടൽ വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

 
JAPTHI

കൊച്ചി: അമ്മ എടുത്ത വായ്പ മകൻ തിരിച്ചടച്ചില്ലെങ്കിൽ മകൻ്റെ ഏക സമ്പാദ്യമായ വീട് ജപ്തി ചെയ്യുമെന്ന സഹകരണ ബാങ്കിന്റെ ഭീഷണി ഗൗരവമായി കണ്ട് പരാതിയിൽ അനുഭാവപൂർവ്വമായ ശാശ്വത പരിഹാരമുണ്ടാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. 2021 - ൽ മരിച്ച അമ്മ 2015 ലാണ് വായ്പ എടുത്തത്.

കണയന്നൂർ താലൂക്ക് സഹകരണ കാർഷിക വികസന ബാങ്കിൽ നിന്നും എടുത്ത വായ്പയിലുള്ള ജപ്തി നടപടിയിൽ ഇടപെടാനാണ് കമ്മീഷൻ അംഗം വി. കെ. ബീനാകുമാരി എറണാകുളം ജോയിന്റ് രജിസ്ട്രാർക്ക് (ജനറൽ) നിർദ്ദേശം നൽകിയത്.  അമ്മയ്ക്ക് സർക്കാർ പതിച്ചു നൽകിയ സ്ഥലത്താണ് ജപ്തി ഭീഷണിയുള്ളത്.

വായ്പയെടുത്തയാളുടെ മകൻ പള്ളിത്താഴം ലക്ഷം വീട് കോളനി പാലശേരിൽ മനോജ് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.എറണാകുളം സഹകരണ ജോയിന്റ് രജിസ്ട്രാറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി.  പരാതിക്കാരന്റെ അമ്മ നാലു വായ്പകളുലായി ആറു ലക്ഷത്തി എൺപതിനായിരം രൂപ എടുത്തിരുന്നു.  2023 മാർച്ച് 27 ലെ കണക്ക് പ്രകാരം അഞ്ചു ലക്ഷത്തി തൊണ്ണൂറ്റിയൊന്നായിരത്തി അഞ്ഞൂറ്റിയൊന്നു രൂപ കുടിശ്ശികയാണ്.  വായ്പ തീർക്കുന്നതിന് ആറു ലക്ഷത്തി എണ്ണായിരത്തി എഴുന്നൂറ്റി പത്തൊൻപതു രൂപ ആവശ്യമാണ്.  വായ്പകളിൽ ജപ്തി നടപടികൾ താൽക്കാലികമായി നിർത്തി വച്ചിരിക്കുകയാണ്.  വായ്പ പൂർണ്ണമായി തീർപ്പാക്കിയാൽ എഴുപത്തി മൂവായിരത്തി അഞ്ഞൂറ്റിയെട്ടു രൂപ ഇളവ് അനുവദിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

പരാതിക്കാരൻ സമർപ്പിച്ച ആക്ഷേപത്തിൽ 2015 - ൽ മൂന്നു ലക്ഷം രൂപയാണ് വായ്പയെടുത്തതെന്നും ഒരു ലക്ഷം രൂപ തിരിച്ചടച്ചെന്നും പറയുന്നു.  2021 മാർച്ച് ഏഴിന് അമ്മ മരിച്ചു.  പലിശ മുതലിൽ ചേർത്ത് പുതുക്കി വച്ചതാണ് ഇത്രയും തുക വരാൻ കാരണം.  ഹൃദ് രോഗിയായ തനിക്ക് ചികിത്സ നടത്താൻ നിർവ്വാഹമില്ല.  ആറു വയസ്സുള്ള പെൺകുട്ടിയുമായി ജീവിക്കുന്ന തന്റെ വീട് ലേലം ചെയ്യുന്നത് തടയണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു.