LogoLoginKerala

കേരള നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം കാലോചിതമായി പരിഷ്‌കരിക്കണം: ഹൈബി ഈഡന്‍

 
ficci annuel meet

കൊച്ചി: ഫെഡറേഷന്‍ ഓഫ്  കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ഫിക്കി) കേരള സ്റ്റേറ്റ് കൗണ്‍സില്‍ വാര്‍ഷിക പൊതുയോഗം കൊച്ചിയില്‍ നടന്നു. ഹൈബി ഈഡന്‍ എം.പി ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ വികസനത്തെ കുറിച്ചും വ്യവസായ വാണിജ്യ വളര്‍ച്ചയെ കുറിച്ചും ഗൗരവതരമായ ചര്‍ച്ചകള്‍ നടക്കുന്നത് ആശാവഹമാണെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യ വിഭവശേഷിയില്‍ കേരളം മുന്‍പന്തിയിലാണെങ്കിലും അത് കേരളത്തിന് വേണ്ടി പ്രയോജനപ്പെടുത്താന്‍ കഴിയാത്ത  സാഹചര്യമാണെന്ന് ഹൈബി ചൂണ്ടിക്കാട്ടി.

സ്ഥല ലഭ്യത കുറവായതിനാല്‍ വന്‍കിട ഉത്പാദന വ്യവസായങ്ങള്‍ക്ക് കേരളത്തില്‍ സാധ്യത കുറവാണെന്നും എന്നാല്‍ കാലഹരണപ്പെട്ട ചില നിയമങ്ങള്‍ കാലോചിതമായി പരിഹരിച്ചാല്‍ കൂടുതല്‍ സംരംഭങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് ഹൈബി ഈഡന്‍ പറഞ്ഞു. കേരള നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം കാലോചിതമായി പരിഹരിക്കണം.കൃഷിയില്ലാതെ വെറുതെ കിടക്കുന്ന  പൊക്കാളി പാടംങ്ങള്‍   പ്രയോജനപ്പെടുത്തണം. വ്യവസായ, വാണിജ്യ മേഖലയില്‍ പ്രായോഗികമായ സമീപനങ്ങള്‍ സ്വീകരിക്കുകയും മികച്ച പ്രവര്‍ത്തനങ്ങള്‍ കൂട്ടായി നടത്തുകയും ചെയ്താല്‍ കേരളത്തിന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നും ഫിക്കി അതിനായി മുന്‍കൈ എടുക്കണമെന്നും ഹൈബി പറഞ്ഞു.

ഫിക്കി കേരള സ്റ്റേറ്റ് കൗണ്‍സിലിന്റെ പുതിയ ചെയര്‍മാനായി കിംസ് ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.എം.ഐ സഹദുള്ളയും കോ ചെയറായി മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ വി.പി നന്ദകുമാറും ചുമതലയേറ്റു. ഫിക്കി കേരള മുന്‍ ചെയര്‍മാന്‍  ദീപക് എല്‍ അസ്വാനി അധ്യക്ഷത വഹിച്ചു. ഡോ. എം.ഐ സഹദുള്ള, വി.പി നന്ദകുമാര്‍, ഫിക്കി കേരള മേധാവി സാവിയോ മാത്യു എന്നിവര്‍ സംസാരിച്ചു.