LogoLoginKerala

ജനകീയ നായകിന് വിട; ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് രാഷട്രീയ കേരളം

 
Oommen Chandy

കേരളത്തിന്റെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ സൗമ്യ മുഖത്തിന് വിട. കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയുടെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് ഭരണ-പ്രതിപക്ഷ നേതാക്കള്‍.  മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര മന്ത്രി വി മുരളീധരന്‍, കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ എന്നിവര്‍ അനുശോചനം അറിയിച്ചു.

വ്യക്തിജീവിതത്തിലുണ്ടായ ഏറ്റവും വലിയ നഷ്ടമാണ് ഉമ്മന്‍ചാണ്ടിയുടെ വിയോഗമെന്ന് എ കെ ആന്റണി പ്രതികരിച്ചു. ഉമ്മന്‍ചാണ്ടി ഇല്ലായിരുന്നെങ്കില്‍ തനിക്കൊരു കുടുംബജീവിതം ഉണ്ടാകില്ലായിരുന്നു. തമ്മില്‍ ഒരു രഹസ്യങ്ങളുമില്ല. അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരുന്നെങ്കിലും എല്ലാകാര്യങ്ങളും മനസുതുറന്ന് സംസാരിക്കുന്ന വ്യക്തിയായിരുന്നും ഉമ്മന്‍ചാണ്ടിയെന്ന് എകെ ആന്റണി പ്രതികരിച്ചു. സ്‌നേഹം കെണ്ട് ലോകം ജയിച്ച നേതാവായിരുന്നുവെന്ന് കെ സുധാകരന്‍ പറയുന്നു.

ഉമ്മന്‍ ചാണ്ടിയുടെ വിയോഗം കേരള രാഷ്ട്രീയത്തില്‍ നികത്താനാകാത്ത ഒരു വിടവ് സൃഷ്ടിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കക്ഷി രാഷ്ട്രീയത്തിനതീതമായി എല്ലാവരോടും സൗഹൃദത്തോടുകൂടി സൗഹൃദം നിലനിര്‍ത്തി മുമ്പോട്ട് പോയ രാഷ്ട്രീയ നേതാക്കളില്‍ പ്രമുഖ സ്ഥാനത്താണ് അദ്ദേഹം.പ്രായോഗിക രാഷ്ടീയത്തെ കോണ്‍ഗ്രസ് രാഷ്ടീയത്തിന്റെ ചട്ടക്കൂടിന്റെ അകത്തുനിന്നുകൊണ്ട് കൈകാര്യം ചെയ്യാന്‍ സാധിച്ച വ്യക്തിത്വം ആയിരുന്നു ഉമ്മന്‍ചാണ്ടി.അദ്ദേഹത്തിന്റെ വിയോഗം കേരള രാഷ്ട്രീയത്തിന് വലിയ വിടവാണ് സൃഷ്ടിച്ചതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

ഉമ്മന്‍ ചാണ്ടിയുടെ മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അഗാധ ദുഃഖം രേഖപ്പെടുത്തി. ഒരേ വര്‍ഷമാണ് തങ്ങള്‍ ഇരുവരും നിയമസഭയില്‍ എത്തിയത്. ഒരേ ഘട്ടത്തില്‍ വിദ്യാര്‍ത്ഥി ജീവിതത്തിലൂടെ രാഷ്ട്രീയ രംഗത്തെത്തി. പൊതു ജീവിതത്തില്‍ ഒരേ കാലത്തു സഞ്ചരിച്ച അദ്ദേഹത്തിന്റെ വിട പറയല്‍ അതീവ ദുഃഖകരമാണ്. കഴിവുറ്റ ഭരണാധികാരിയും ജന ജീവിതത്തില്‍ ഇഴുകി ചേര്‍ന്നു നിന്ന വ്യക്തിയുമായിരുന്നു ഉമ്മന്‍ ചാണ്ടിയെന്നു മുഖ്യമന്ത്രി അനുസ്മരിച്ചു.

'മുന്‍ മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍  അനുശോചനം രേഖപ്പെടുത്തുന്നു. കേരള രാഷ്ട്രീയത്തിലെ സൗമ്യ മുഖവും പരിണതപ്രജ്ഞനായ ഭരണാധികാരിയുമായ, രാഷ്ട്രീയ അതികായന്റെ നഷ്ടം നികത്താന്‍ ആകാത്തതാണ്. എന്നും എപ്പോഴും ജനങ്ങളോടൊപ്പം സഞ്ചരിച്ച അദ്ദേഹത്തിന്റെ പ്രവര്‍ത്തനശൈലി ഒരു പാഠപുസ്തകം തന്നെയാണ്. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു. കുടുംബത്തിന്റെയും അനുയായികളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു'- കേന്ദ്ര മന്ത്രി വി മുരളീധരന്‍.

'മികച്ച ഭരണാധികാരിയും കോണ്‍ഗ്രസ്സിന്റെ ജനപ്രിയനേതാവുമായിരുന്നു ശ്രീ. ഉമ്മന്‍ചാണ്ടി. എന്നും ജനങ്ങളുടെ ഇടയിലായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ഊര്‍ജ്ജസ്വലതയോടെ ആറുപതിറ്റാണ്ടിലധികം അദ്ദേഹം പൊതുജീവിതത്തില്‍ നിറഞ്ഞുനിന്നു. അദ്ദേഹത്തിന്റെ ദേഹവിയോഗത്തില്‍ അഗാധമായ ദുഖം രേഖപ്പെടുത്തുന്നു. പരേതാത്മാവിന് നിത്യശാന്തി നേരുന്നു'- ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.