പ്രവീണ്‍നാഥിന്റെ ആത്മഹത്യ: റിഷാന ഐഷു പീഢിപ്പിച്ചെന്ന ആരോപണവുമായി കുടുംബം

തൃശൂര്‍- ആത്മഹത്യ ചെയ്ത മിസ്റ്റര്‍ കേരള ട്രാന്‍സ്മാന്‍ പ്രവീണ്‍നാഥിനെ ഭാര്യ റിഷാന ഐഷു ക്രൂരമായി പീഢിപ്പിച്ചെന്നാരോപിച്ച് പ്രവീണ്‍നാഥിന്റെ കുടുംബം. റിഷാന പതിവായി പ്രവീണിനെ മര്‍ദിച്ചിരുന്നുവെന്നും കരിയര്‍ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും സൈബര്‍ ബുള്ളീയിംഗിന്റെ പേരിലല്ല ആത്മഹത്യയെന്നും സഹോദരന്‍ പുഷ്പന്‍ പറഞ്ഞു. റിഷാനയ്‌ക്കെതിരെ പരാതിയുമായി മുന്നോട്ട് പോകുമെന്നും സഹോദരന്‍ അറിയിച്ചു.
ഭാര്യ അവനെ കസേരയില്‍ കെട്ടിയിട്ട് വായില്‍ തുണി തിരുകി ഉപദ്രവിച്ചു എന്ന് എന്ന് കരഞ്ഞുകൊണ്ടാണ് വീട്ടില്‍ വന്ന ദിവസം പ്രവീണ്‍ പറഞ്ഞത്. കയ്യിലും തലയിലും പാടുകളുണ്ടായിരുന്നു. ഭക്ഷണം ഇറക്കാന്‍ പറ്റുന്നില്ലാന്ന് പറഞ്ഞ് ആശുപത്രിയില്‍ പോയിരുന്നു. അന്ന് ചികിത്സ തേടിയതിന്റെ തെളിവുകള്‍ ഉണ്ട്. ഈ സംഭവം കഴിഞ്ഞ് നാല് ദിവസത്തിന് ശേഷമാണ് വിവാഹമോചനത്തെ കുറിച്ച് സമൂഹമാദ്ധ്യമങ്ങളില്‍ പോസ്റ്റിടുന്നത്. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം റിഷാന ഭീഷണിപ്പെടുത്തിയാണ് ആ പോസ്റ്റ് പിന്‍വലിച്ചതെന്ന് പുഷ്പന്‍ പറഞ്ഞു.
പ്രവീണ്‍നാഥ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് പാറ്റഗുളിക കഴിച്ച റിഷാന ഇപ്പോള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ട്രാന്‍സ് വുമണായ റിഷാന ഐഷുവും പ്രവീണ്‍ നാഥും കഴിഞ്ഞ ഫെബ്രുവരി 14നാണ് വിവാഹിതരായത്.