LogoLoginKerala

സംരംഭകയെ വ്യാജ ലഹരിയില്‍ കുടുക്കിയ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഷീലാ സണ്ണിയെ കുടുക്കിയ മകന്റെ ഭാര്യയുടെ അനുജത്തി ഒളിവില്‍
 
sheela sunny

തൃശൂര്‍- ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയുടെ ബാഗില്‍ നിന്ന് വ്യാജ ലഹരി സ്റ്റാംപ് പിടിച്ചെടുത്ത എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ സതീശനെ സസ്‌പെന്‍ഡ് ചെയ്തു. വ്യാജ കേസ് ചമയ്ക്കാന്‍ കൂട്ടു നിന്നുവെന്ന കുറ്റമാണ് സതീശനെതിരെ ആരോപിക്കപ്പെട്ടിരിക്കുന്നത്. എക്‌സൈസ് കമ്മീഷണറാണ് നടപടിയെടുത്തത്. പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഫോണില്‍ ലഭിച്ച രഹസ്യവിവരം ഷാഡോ സംഘത്തെ ഉപയോഗിച്ച് വെരിഫൈ ചെയ്യാതെ തിടുക്കത്തില്‍ നടപടി സ്വീകരിച്ചുവെന്നാണ് പ്രാഥമിക അന്വേണത്തിലെ നിഗമനം. വിശദമായ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ നടപടികള്‍.

അതേസമയം ഷീലാ സണ്ണിയുടെ ബാഗില്‍ വ്യാജ എല്‍ എസ് ഡി സ്റ്റാമ്പ് വെച്ച ശേഷം എക്‌സൈസിനെക്കൊണ്ട് അറസ്റ്റ് ചെയ്യിച്ചതിന് പിന്നില്‍ ഷീലയുടെ മകന്റെ ഭാര്യയുടെ അനുജത്തിയെന്ന് സൂചന ലഭിച്ചു. ബാംഗ്ലൂരിലുള്ള ഇവര്‍ക്കായി ക്രൈംബ്രാഞ്ച് അന്വേഷണത്തിലാണ്. ഇവരുടെ നമ്പറിലേക്ക് ആദ്യം വിളിച്ചപ്പോള്‍ ഫോണെടുത്തെങ്കിലും പിന്നീട് സ്വിച്ചോഫാണ്. ഇവര്‍ ഒളിവില്‍ പോയതായി സംശയിക്കുന്നു. ഷീലാ സണ്ണിയുടെ ബാഗില്‍ എല്‍ എസ് ഡി സ്റ്റാമ്പുകളുണ്ടെന്നും ഇവര്‍ മയക്കുമരുന്നു കച്ചവടക്കാരിയാണെന്നുമുള്ള രഹസ്യവിവരം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സതീശനെ ഒരു അജ്ഞാത സ്ത്രീയാണ് അറിയിക്കുന്നത്. വാട്‌സ് ആപ്പ് കോളായതിനാല്‍ നമ്പര്‍ തിരിച്ചറിയാന്‍ സാധിച്ചില്ലെന്നാണ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പറയുന്നത്. ഇത് കണ്ടെത്തായി ക്രൈംബ്രാഞ്ച് ശാസ്ത്രീയ പരിശോധന നടത്തും

ഷീലയുടെ ബാഗില്‍ നിന്ന് കിട്ടിയത് എല്‍എസ്ഡി ലഹരി സ്റ്റാംപ് അല്ലെന്ന് ലാബ് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. നിരപരാധിയായ ഷീല 72 ദിവസമാണ് ഈ കേസിന്റെ പേരില്‍ ജയിലില്‍ കിടന്നത്. പിടിച്ചെടുത്തത് എല്‍എസ്ഡി സ്റ്റാംപ് അല്ലെന്നു തെളിയിക്കുന്ന പരിശോധനാഫലം കാക്കനാട് റീജനല്‍ ലാബിലെ അസിസ്റ്റന്റ് കെമിക്കല്‍ എക്‌സാമിനര്‍ ജ്യോതി പി.മല്യ സമര്‍പ്പിച്ചതു മേയ് 12നാണ്. ഇല്ലാത്ത കേസാണെന്നു വ്യക്തമായിട്ടും എക്‌സൈസ് അധികൃതര്‍ ഇരയെ വിവരം അറിയിക്കാനോ സംഭവിച്ച പിഴവു തിരുത്താനോ തയാറായില്ലെന്നാണ് ആക്ഷേപം.