LogoLoginKerala

റബ്ബര്‍ തോട്ടത്തില്‍ ആനയുടെ ജഡം കണ്ടെത്തിയ സംഭവം; ആനയെ കറന്റടിപ്പിച്ചതിന്റെ തെളിവുകള്‍ ലഭിച്ചു

 
Thrissur Wild elephant Death

തൃശൂരിലെ റബ്ബര്‍ തോട്ടത്തില്‍ ആനയുടെ ജഡം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. ആനയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചത് വൈദ്യുതിക്കെണിയാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥിരീകിച്ചു. കെണിക്ക് ഉപയോഗിച്ച കമ്പിയുടെ അവശിഷ്ടങ്ങള്‍ സംഭവ സ്ഥലത്തു വച്ച് കണ്ടെത്തി.

അതേസമയം, ആനയെ കുഴിച്ചുമുടിയ സ്ഥലം ഉടമ റോയിയെ തേടി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഗോവയിലെത്തി. സ്ഥലം ഉടമ റോയ്, അദ്ദേഹത്തിന്റെ പാലായില്‍ നിന്നുള്ള നാല് സുഹൃത്തുക്കള്‍, പിടിയിലായ അഖില്‍ എന്നിവരാണ് കേസിലെ പ്രതികള്‍. സ്ഥലം ഉടമ റോയി ഗോവയിലേക്ക് കടന്നതായി വനംവകുപ്പിന് വിവരം ലഭിച്ചിരുന്നു. ഇന്ന് തന്നെ റോയിയെയും സുഹൃത്തുക്കളെയും കസ്റ്റഡിയില്‍ എടുക്കാനാകുമെന്ന് വനം വകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പന്നിയെ പിടിക്കാനാണ് ഇത്തരത്തില്‍ കെണിവെച്ചത് എന്നാണ് വനം വകുപ്പിന്റെ നിഗമനം.

വാഴക്കോട് മണിയഞ്ചിറ റോയിയുടെ റബര്‍ത്തോട്ടത്തിലാണ് ആനയുടെ ജഡം കണ്ടെത്തിയത്. അഞ്ചു സെന്റോളം വരുന്ന ഭാഗത്തെ റബര്‍ മരങ്ങള്‍ ജെസിബി. ഉപയോഗിച്ച് പിഴുതുമാറ്റി വലിയ കുഴി എടുത്താണ് ജഡം മറവുചെയ്തിരിക്കുന്നത്. ഇരുപത് അടി വ്യാസവും പത്തടി താഴ്ചയുമുള്ള കുഴിയിലാണു ജഡാവശിഷ്ടങ്ങള്‍ കണ്ടത്. പകുതി അഴുകിയ നിലയിലായിരുന്ന ജഡത്തിന് 20 ദിവസത്തെ പഴക്കമുണ്ട്. മസ്തകം വേര്‍പെട്ട നിലയിലാണ്. രണ്ടു കൊമ്പുകളില്‍ ഒരെണ്ണത്തിന്റെ പകുതി കണ്ടെത്തിയിരുന്നു.

ജൂലായ് പതിനാലിനാണ് ആനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയതെന്നും റോയി അറിയാതെയാണ് കൊമ്പ് മുറിച്ചുമാറ്റിയതെന്നുമാാണ് പിടിയാലായ അഖില്‍ വനംവകുപ്പിന് നല്‍കിയ മൊഴി. അഖിലും റോയിയുടെ സുഹൃത്തുക്കളും ചേര്‍ന്ന് ജൂണ്‍ പതിനഞ്ചിനാണ് ആനയുടെ കൊമ്പ് മുറിച്ചുമാറ്റിയത്. പിറ്റേദിവസം ഈ കൊമ്പുമായി മലയാറ്റൂര്‍ പട്ടിമറ്റത്ത് എത്തിച്ചു. അത് വില്‍പ്പന നടത്തുന്നതിനിടെ ഈ മാസം ഒന്നിന് പിടിയിലാകുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ആനയുടെ ജഡം കുഴിച്ചിട്ട വിവരം ലഭിച്ചത്.