LogoLoginKerala

സംസ്ഥാനത്തെ വൈദ്യുതനിരക്ക് വർദ്ധന; ഓഗസ്റ്റ് 21ന് വീണ്ടും യോഗം ചേരും

 
electricity

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതനിരക്ക് വർദ്ധന ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ ഓഗസ്റ്റ് 21ന് വീണ്ടും യോഗം ചേരും. വിഷയത്തിൽ ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് ലഭിച്ചശേഷമാകും വീണ്ടും യോഗം ചേരുക. ദീർഘകാല കരാർ നീട്ടാൻ അപേക്ഷ നൽകുന്ന കാര്യത്തിലും  യോഗത്തിന് ശേഷം തീരുമാനിക്കും. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ നിരക്ക് വർദ്ധനവിൽ ഉടൻ ഒരു തീരുമാനം ഉണ്ടാകില്ല. 


നിരക്ക് വർദ്ധിപ്പിക്കാനുള്ള റെഗുലേറ്ററി കമ്മീഷന്റെ ഉത്തരവിന് ഹൈക്കോടതി സ്റ്റേ നിലനിൽക്കുന്നത് സർക്കാരിന് തിരിച്ചടിയാണ്. സംസ്ഥാനത്തെ ഡാമുകളില്‍ വെള്ളം കുറഞ്ഞതാണ് വൈദ്യുതി ഉത്പാദനത്തെ കാര്യമായി ബാധിക്കാൻ കാരണമായത്. വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നത് നിലവിലെ പ്രതിസന്ധി നേരിടാന്‍ സഹായമാകുമെന്നതിനാൽ അതും പരിഗണയിലാണ്.

വൈദ്യുതി പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ഉന്നതതലയോഗം വൈകീട്ട് നാലുമണിയോടെ ചേർന്നരുന്നു. ആഭ്യന്തര ഉത്പാദനം കുറഞ്ഞതോടെ, കടുത്ത പ്രതിസന്ധിയാണ് കേരളം നേരിടുന്നത്. സംഭരണ ശേഷിയുടെ 30 ശതമാനം വെള്ളം മാത്രമാണ് സംസ്ഥാനത്തെ ഡാമുകളില്‍ ശേഷിക്കുന്നത്. കഴിഞ്ഞവര്‍ഷം ഇതേസമയത്ത് 81 ശതമാനം വെള്ളമുണ്ടായിരുന്നു.

ദിവസവും 10 കോടി രൂപയുടെ വൈദ്യുതിയാണ് പുറത്തു നിന്നും വാങ്ങുന്നത്. മഴ കുറവിനെ തുടര്‍ന്ന് പുറത്തുനിന്ന് ഉയര്‍ന്ന വിലയ്ക്ക് കൂടുതല്‍ വൈദ്യുതി വാങ്ങേണ്ടി വരുന്നത് ഉപഭോക്താക്കള്‍ക്ക് അധിക ബാധ്യതയാകും.

 നിലവില്‍ യൂനിറ്റിന് 19 പൈസ വീതം സര്‍ചാര്‍ജ് ഈടാക്കുന്നുണ്ട്. തുടര്‍ന്നും സര്‍ചാര്‍ജ് നല്‍കേണ്ടി വരും. സര്‍ചാര്‍ജ് ഉയര്‍ന്നതാണെങ്കില്‍ റെഗുലേറ്ററി കമീഷന്‍ അംഗീകരിച്ചാല്‍ പിന്നീട് നിരക്ക് വര്‍ധനയുമുണ്ടാകും