മദ്യലഹരിയില്‍ റെയില്‍വേ പാളത്തിലൂടെ കാര്‍ ഓടിച്ചസംഭവം; യുവാവ് അറസ്റ്റില്‍
കണ്ണൂരില്‍ മദ്യലഹരിയില്‍ റോഡ് ആണെന്ന് കരുതി റെയില്‍വേ പാളത്തിലൂടെ കാര്‍ ഓടിച്ചയാള്‍ അറസ്റ്റില്‍. അഞ്ചരക്കണ്ടി സ്വദേശി ജയപ്രകാശിനെ ആണ് കണ്ണൂര്‍ സിറ്റി പൊലീസ് അറസ്റ്റ് ചെയ്തത്. താഴെ ചൊവ്വ റെയില്‍വേ ഗേറ്റിന് സമീപം ചൊവ്വാഴ്ച രാത്രിയിയായിരുന്നു സംഭവം.
മദ്യലഹരിയിലാണ് ജയപ്രകാശ് കാര്‍ ഓടിച്ചതെന്ന് പൊലീസ് പറഞ്ഞു. റെയില്‍വേ ആക്ട് പ്രകാരവും മദ്യപിച്ച് വാഹനം ഓടിച്ചതിനും ഇയാള്‍ക്കെതിരെ കേസ് എടുത്തിരുന്നു. ഇയാളെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കിയതായും ഇയാളുടെ വാഹനം പിടിച്ചെടുത്തതായും പൊലീസ് പറഞ്ഞു. ജാമ്യം അനുവദിച്ചെങ്കിലും ഇയാളുടെ വാഹനം കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
യുവാവ് റോഡാണെന്ന് കരുതി പതിനഞ്ച് മീറ്ററലധികം ദൂരം കാര്‍ ഓടിച്ചിരുന്നു. കാര്‍ പിന്നീട് പാളത്തില്‍ കുടുങ്ങി തനിയെ നില്‍ക്കുകയായിരുന്നു. സംഭവം കണ്ട ഗേറ്റ് മാന്‍ ഉടന്‍ തന്നെ വിവരം പൊലീസിനെ അറിയിക്കുകയും ഉദ്യോഗസ്ഥരെത്തി കാര്‍ ട്രാക്കില്‍ നിന്ന് മാറ്റുകയുമായിരുന്നു. പൊലീസ് ജയപ്രകാശിനെ സ്റ്റേഷിനിലെത്തിച്ച് പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.