LogoLoginKerala

വൈകല്യത്തെ തോൽപ്പിച്ച സലാം കുമാറിന് സ്വപ്നസാക്ഷാത്കാരം; പുതിയ വീടും ആംബുലൻസും നൽകി എം.എ യൂസഫലിയുടെ സ്നേഹാദരം

അധികമാരും തിരിഞ്ഞുനോക്കാതിരുന്ന സലാമിന്റെ ജീവിതത്തിലേക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ സഹായമെത്തിയതോടെ അസാധ്യമെന്ന് കരുതിയ കാര്യങ്ങൾ മാസങ്ങൾക്കുള്ളിൽ നടപ്പായി. സലാം കുമാറിന്റെ വീടെന്ന സ്വപ്നം സഫലമായി, നാടിന് ഒരു ആംബുലൻസും..

 
Salam Kumar

പത്തനംതിട്ട : റാന്നി നാറാണംമൂഴിയിലെ ഉന്നത്താനി ലക്ഷം വീട് കോളനിയിലെ പൊളിഞ്ഞു വീഴാറായ വീട്ടില്‍നിന്ന് , അടച്ചുറപ്പുള്ള മികച്ച സൗകര്യങ്ങളുള്ള വീട്ടിലേക്ക് ചുവടുവയ്ക്കുമ്പോൾ സലാമ്മിൻ‌റെയും , അമ്മ ഉഷയുടെയും കണ്ണുനിറഞ്ഞു. ഒരിക്കലും നടക്കില്ലെന്ന് കരുതിയ സ്വപ്നം യാഥാർത്ഥ്യമായിരിക്കുന്നു..എല്ലാ സൗകര്യങ്ങളുമുള്ള പുത്തൻ വീട് സ്വന്തം , ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ  സഹായത്താൽ ജീവിതത്തിലെ സ്വപ്നസാക്ഷാത്കാരം. അധികമാരും തിരിഞ്ഞുനോക്കാതിരുന്ന സലാമിന്റെ ജീവിതത്തിലേക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ സഹായമെത്തിയതോടെ അസാധ്യമെന്ന് കരുതിയ കാര്യങ്ങൾ മാസങ്ങൾക്കുള്ളിൽ നടപ്പായി. സലാം കുമാറിന്റെ വീടെന്ന സ്വപ്നം സഫലമായി, നാടിന് ഒരു ആംബുലൻസും...

Salam Kumar

 സ്വന്തമായി സുരക്ഷിതത്വമുള്ള വീട് പോലും ഇല്ലാതിരുന്നിട്ടും സമൂഹിക സേവനത്തിനിറങ്ങിയ സലാംകുമാറിന് യൂസഫലിയുടെ സമ്മാനമായിട്ടാണ് അടച്ചുറപ്പുള്ള വീട്. ശാരീരിക വൈകല്യമുള്ള സലാമിന് ഉപയോഗിക്കാൻ സൗകര്യത്തിനുള്ള രീതിയിലാണ് വീട്ടിലെ സ്വച്ച് ബോർഡുകൾ മുതൽ വാതിലിന്റെ പൂട്ട് വരെ നിർമ്മിച്ചിരിക്കുന്നത്. ഇരുപത്തിയഞ്ച് ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച വീടിന്റെ താക്കോൽ ലുലു ഗ്രൂപ്പ് മേധാവി എം.എ. യൂസഫലിയുടെ സെക്രട്ടറി ഇ.എ. ഹാരീസ്,  ലുലു ഗ്രൂപ്പ് തിരുവനന്തപുരം റീജണൽ ഡയറക്ടർ ജോയ് ഷഡാനന്ദന്, ഫിനാൻസ് ജനറൽ മാനേജർ സിബി തോമസ്, ലുലു ഗ്രൂപ്പ് ഇന്ത്യാ മീഡിയ കോ-ഓഡിനേറ്റര്‍ എന്‍.ബി. സ്വരാജ് എന്നിവർ ചേർന്ന് സലാം കുമാറിന് കൈമാറി. സലാം കുമാറിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്ന സന്നദ്ധ പ്രവർത്തനങ്ങൾക്കുള്ള ആംബുലൻസും എം.എ യൂസഫലി സലാമിന്റെ നാടായ നാറാണംമൂഴിക്ക് കൈമാറി.

Salam Kumar

ആരും സഹായത്തിനില്ലാത്ത കുടുംബത്തോട് എം.എ യൂസഫലിയുടെ കാണിച്ച കരുണ ഏറെ വിലപ്പെട്ടതാണെന്നും ജീവിതം മുഴുവൻ അദ്ദേഹത്തോട് ഹൃദയം നിറഞ്ഞ നന്ദിയും പ്രാർഥനയും ഉണ്ടാകുമെന്നും സലാമിന്റെ അമ്മ ഉഷ പറഞ്ഞു. സലാമിന്റെ സഹോദരി സബീന, സബിൻ എന്നിവരും എം.എ യൂസഫലിക്ക് കൂപ്പുകൈകളോടെ നന്ദി അറിയിച്ചു. തന്റെ സ്വപ്നം സാധ്യമാക്കിയ എം.എ യൂസഫലിയെ ദൈവത്തിന് തുല്യമാണ് കാണുന്നതെന്ന് സലാം കുമാർ വിശേഷിപ്പിച്ചു. ലുലു ഹോം എന്നാണ് വീടിന് സലാം കുമാർ നൽകിയിരിക്കുന്ന പേര്. വീടിന്റെ മുൻവശത്ത് എം.എ യൂസഫലിയുടെ ചിത്രവും സലാം കുമാർ ആദരസൂചകമായി സ്ഥാപിച്ചിട്ടുണ്ട്.

പോളിയോ ബാധിതനായി അരയ്ക്ക് താഴെ തളര്‍ന്ന് പോയ സലാംകുമാര്‍ കോവിഡ് കാലത്ത് പത്തനംതിട്ടയുടെ മലയോര മേഖലയിലെ പോരാളി ആയിരുന്നു. കോവിഡ് രോഗികളുടെ അടുത്തേക്ക് ആരും അടുക്കാന്‍ മടിച്ചിരുന്ന കാലത്ത് ശാരീരിക വെല്ലുവിളികളെ മറികടന്നാണ് സലാംകുമാര്‍ സ്വന്തം വാഹനത്തില്‍ കോവിഡ് ബാധിതരെ ആശുപത്രിയിലെത്തിച്ചത്. സംസ്ഥാനത്തിന് പുറത്ത് നിന്നും രോഗികളെ നാട്ടിലെത്തിച്ചു. പ്രത്യേകം തയാറാക്കിയ വാഹനത്തിലായിരുന്നു സലാമിന്റെ പൊതുസേവനം. മൂവായിരത്തിലധികം പേർക്ക് സലാം കുമാറിന്റെ സേവനം തണലായി. പരിമിതകളില്ലാത്ത ഈ ജനസേവനത്തിനുള്ള ഇച്ഛാശക്തിയെ പ്രകീർത്തിച്ചാണ് എം.എ. യൂസഫലിയുടെ സഹായം സലാമിനെ തേടിയെത്തിയത്.കോവിഡ് കാലത്ത് വൈകല്യത്തെ മറികടന്ന് പത്തനംതിട്ടയുടെ മലയോര മേഖലയിലൂടെയുള്ള സലാമിന്റെ സന്നദ്ധപ്രവർത്തനം ഏറെ പ്രശംസ ഏറ്റുവാങ്ങിയിരുന്നു. നാറാണംമൂഴി പഞ്ചായത്ത് പ്രസിഡന്റ് ബീനാ ജോബി, വാർഡ് മെംബർമാരായ പ്രസന്ന സോമൻ, സോണിയ മനോജ്, സന്ധ്യ അനിൽകുമാർ, സിപിഎം ലോക്കൽകമ്മിറ്റി സെക്രട്ടറി സന്തോഷ് കുമാർ, ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം മിഥുൻ മോഹൻ തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.