ആറുപേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

കോഴിക്കോട് കാരുകുളങ്ങര, മൂർഖൻകുണ്ട് പ്രദേശങ്ങളിൽ ആറുപേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. ബുധനാഴ്ച വൈകീട്ട് ആയിരുന്നു പ്രദേശത്ത് നായയുടെ ആക്രമണം ഉണ്ടായത്. കൂടാതെ വളർത്തുമൃഗങ്ങൾക്കും തെരുവുനായയുടെ കടിയേറ്റു. പൂക്കോട് വെറ്ററിനറി കേന്ദ്രത്തിൽ നടത്തിയ പരിശോധനയിലാണ് പേവിഷബാധയുണ്ടെന്ന് സ്ഥിരീകരിച്ചത്.
ഗ്രാമപഞ്ചായത്ത് മൂന്ന്, നാല് വാർഡുകൾ കേന്ദ്രീകരിച്ചായിരുന്നു തെരുവ് നായുടെ പരാക്രമം. ഒരു വിദ്യാർഥിയുൾപ്പെടെ ആറുപേരെയായിരുന്നു കടിച്ച് പരിക്കേൽപിച്ചത്. ഏഴ് വയസ്സുകാരിയായ വിദ്യാർഥിക്ക് ഗുരുതര പരിക്കേറ്റതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ശിശുരോഗ വിഭാഗത്തിൽ തീവ്രപരിചരണ യൂനിറ്റിൽ ചികിത്സയിലാണ്. കടിയേറ്റ ബാക്കി അഞ്ചുപേർ മെഡിക്കൽ കോളജിൽനിന്ന് പ്രാഥമിക ചികിത്സ തേടി മടങ്ങിയിരുന്നു.
നെറ്റിയിലും മുഖത്തും ഗുരുതരമായി പരിക്കേറ്റ കുട്ടിയാണ് ചികിത്സയിൽ തുടരുന്നത്. നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇന്ന് വൈകീട്ട് നാലിന് കാരുകുളങ്ങരയിൽ സർവകക്ഷിയോഗം ചേരും. മറ്റ് തെരുവുനായകൾക്കോ, വളർത്തുമൃഗങ്ങൾക്കോ കടിയേറ്റതായി ശ്രദ്ധയിൽപ്പെട്ടാൽ വാർഡ് അംഗങ്ങളെ അറിയിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജൗഹർ പൂമംഗലം അറിയിച്ചു.