മറുനാടനെ പിന്തുണച്ചതിന്റെ പേരില്‍ കോണ്‍ഗ്രസില്‍ ഭിന്നത; അതൃപ്തി പരസ്യമാക്കി കടുത്ത വിമര്‍ശനവുമായി നേതാക്കള്‍

രാഹുല്‍ ഗാന്ധിയെ വരെ മോശമായി ചിത്രീകരിച്ച് ബോധപൂര്‍വ്വം വ്യാജ വാര്‍ത്തകള്‍ നല്‍കിയ കാര്യം മറന്നാണ് ചിലരുടെ മറുനാടന്‍ പ്രേമമെന്ന് കെ മുരളീധരന്‍ ചൂണ്ടികാട്ടിയിരുന്നു. വ്യക്തികളെ അടച്ചാക്ഷേപിച്ച് , വിദ്വേഷം പ്രചരിപ്പിച്ച് സ്പര്‍ധ വളര്‍ത്താനാണ് മറുനാടന്‍ ശ്രമിച്ചതെന്നും മെറിറ്റ് ഉള്ളതുകൊണ്ടാണ് ഷാജന്‍ സ്‌കറിയക്ക് എതിരെ നടപടികള്‍ മുന്നോട്ട് പോകുന്നതെന്നും കെ മരുളീധരന്‍ വ്യക്തമാക്കിയിരുന്നു. ഗാന്ധി കുടുംബത്തെ കടന്നാക്രമിച്ച് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച ചാനലിനെ പിന്തുണച്ച് നേതാക്കള്‍ രംഗത്തെത്തിയത് മുന്നണിയിലും കടുത്ത വിമര്‍ശനത്തിന് വഴിമാറിയിരിക്കുകയാണ്.
മറുനാടന്‍ മലയാളിക്കും, ഷാജന്‍ സ്‌കറിയ്ക്കും എതിരെ കടുത്ത വിമര്‍ശനവുമായി മുസ്ലീം ലീഗ് രംഗത്തെത്തിയിരുന്നു. സമൂഹത്തില്‍ മത സ്പര്‍ധയും വിദ്വേഷ പ്രചാരണവും നടത്തുന്ന മറുനാടന്‍ മലയാളി യൂടൂബ് ചാനലിന്റേത് മാധ്യമപ്രവര്ത്തനമായി കാണാനാകില്ലെന്ന് ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം വ്യക്തമാക്കിയിരുന്നു. മുരളീധരന് പുറമേ കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കളും നേതൃത്വത്തെ അതൃപ്തി അറിയിച്ചിട്ടുണ്ട്. രാഹുല്‍ഗാന്ധിയെ തന്നെ അപകീര്‍ത്തിപ്പെടുത്തിയ വ്യാജ റിപ്പോര്‍ട്ടുകള്‍ നല്‍കിയ ചാനലിനെ പിന്തുണച്ചത് ഒരുതരത്തിലും അംഗീകരിക്കനാകില്ലെന്ന നിലപാടാണ് നേതൃത്വത്തോട് ഒരു വിഭാഗം നേതാക്കള്‍ അറിയിച്ചിരിക്കുന്നത്.
മറുനാടനെ പിന്തുണച്ച് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്താന്‍ നേരത്തെ കെപിസിസി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഈ തീരുമാനത്തോടെ സഹകരിക്കില്ലെന്ന നിലപാടിലാണ് പ്രവര്‍ത്തകര്‍. മുരളീധരന്റെ തുറന്നുപറച്ചിലോടെ ഈ അഭിപ്രായം ശക്തമായിരിക്കുകയാണ്. ഇതോടെ സമരപരിപാടി ഉപേക്ഷിക്കേണ്ട സ്ഥിതിയിലാണിപ്പോള്‍ കോണ്‍ഗ്രസ്