LogoLoginKerala

ദുരിതപ്പെയ്ത്തില്‍ മുങ്ങി ഡല്‍ഹി; സ്ഥിതിഗതികള്‍ വിലയിരുത്തി പ്രധാനമന്ത്രി

 
Delhi flood

രാജ്യതലസ്ഥാനത്ത് പ്രളയസാഹചര്യം വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫ്രാന്‍സ് സന്ദര്‍ശനത്തിന് പോയ പ്രധാനമന്ത്രി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണറേയും വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.

പ്രധാനമന്ത്രി ഡല്‍ഹിയിലെ കാര്യം വിളിച്ച് അന്വേഷിച്ചതായി ലെഫ്റ്റനന്റ് ഗവര്‍ണര്‍ ട്വീറ്റില്‍ പറഞ്ഞു. ദുരിതാശ്വാസ നടപടികളെക്കുറിച്ച് പ്രധാനമന്ത്രി ചോദിച്ചതായും കേന്ദ്രത്തില്‍ നിന്ന് സഹായം ആവശ്യമാണെങ്കില്‍ തേടാനും അദ്ദേഹം പറഞ്ഞെന്നും ട്വീറ്റില്‍ ചൂണ്ടിക്കാട്ടി. ഒരു ദിവസത്തിനകം ജലനിരപ്പ് കുറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അമിത് ഷാ പ്രധാനമന്ത്രിയെ അറിയിച്ചു. ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്കൊപ്പം സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് അമിത് ഷാ അദ്ദേഹത്തെ അറിയിച്ചു.

യമുനാ നദിയിലെ ജലനിരപ്പ് അപകടനിലയും കഴിഞ്ഞ് ഉയര്‍ന്നതോടെ ഡല്‍ഹിയിലെ പ്രധാന റോഡുകളടക്കം കഴിഞ്ഞ ദിവസം മുതല്‍ വെള്ളക്കെട്ടിലാണ്. ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെ ചെങ്കോട്ട അടച്ചു. രണ്ട് ദിവസം സന്ദര്‍ശകര്‍ക്ക് പ്രവേശനം ഉണ്ടാകില്ല.

ഡല്‍ഹിയിലെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും സര്‍വകലാശാലകള്‍ക്കും അവധി പ്രഖ്യാപിച്ചു. ലെഫ്. ഗവര്‍ണര്‍ സക്‌സേനയുടെ അധ്യക്ഷതയില്‍ ദുരന്ത നിവാരണ അതോറിറ്റി ചേര്‍ന്ന യോഗത്തിന് പിന്നാലെയാണ് സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച്ച വരെ അവധി പ്രഖ്യാപിച്ചത്.