അപകീര്‍ത്തി കേസ്; രാഹുലിന്റെ ഹര്‍ജി ഓഗസ്റ്റ് നാലിലേക്ക് മാറ്റി
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിക്കെതിരായ അപകീര്‍ത്തിക്കേസില്‍ പരാതിക്കാരനും ഗുജറാത്ത് സര്‍ക്കാരിനും സുപ്രീംകോടതിയുടെ നോട്ടീസ്. പത്തു ദിവസത്തിനകം വിശദീകരണം നല്‍കാനാണ് കോടതി നിര്‍ദേശം നല്‍കിയത്. പരാതിക്കാരനായ ബിജെപി എംഎല്‍എയും മുന്‍മന്ത്രിയുമായ പൂര്‍ണേഷ് മോദിക്കാണ് നോട്ടീസ് നല്‍കിയത്.
എന്നാല്‍ കേസില്‍ പരാതിക്കാരനും ഗുജറാത്ത് സര്‍ക്കാരിനും നോട്ടീസ് അയക്കേണ്ടതുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് പത്തുദിവസത്തിനകം നോട്ടീസിന് മറുപടി നല്‍കാന്‍ പരാതിക്കാരനോട് കോടതി നിര്‍ദേശിച്ചത്. കേസ് വീണ്ടും പരിഗണിക്കുന്നത് ഓഗസ്റ്റ് നാലിലേക്ക് മാറ്റി. ജസ്റ്റിസ് ബി ആര്‍ ഗവായ്, പ്രശാന്ത് കുമാര്‍ മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കര്‍ണാടകയില്‍ കോലാറില്‍ വച്ച് നടത്തിയ പ്രസംഗത്തില്‍ മോദി സമുദായത്തെ ഒന്നടങ്കം രാഹുല്‍ ഗാന്ധി അപമാനിച്ചുവെന്നാണ് കേസ്. 'എല്ലാ കള്ളന്‍മാര്‍ക്കും മോദി എന്ന പേര് പൊതുവായി വരുന്നത് എന്തുകൊണ്ടാണ്'- എന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം.
ഇതിനെതിരെ ഗുജറാത്തിലെ ബിജെപി എംഎല്‍എ പൂര്‍ണേഷ് മോദി നല്‍കിയ അപകീര്‍ത്തി കേസില്‍ സൂറത്ത് ചീഫ് മജിസ്‌ട്രേറ്റ് കോടതി രാഹുല്‍ ഗാന്ധിക്ക് രണ്ട് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചു. ഇതോടെ രാഹുലിന്റെ ലോക്‌സഭാംഗത്വത്തിന് അയോഗ്യത വന്നു. സൂറത്ത് കോടതി വിധിക്കെതിരെ രാഹുല്‍ നല്‍കിയ അപ്പീല്‍ ഗുജറാത്ത് ഹൈക്കോടതിയും തള്ളിയിരുന്നു. ശിക്ഷാ വിധിക്ക് സ്റ്റേ അനുവദിച്ചാല്‍ മാത്രമേ രാഹുലിന്റെ അയോഗ്യത നീങ്ങി ലോക്‌സഭാംഗത്വം പുനഃസ്ഥാപിക്കപ്പെടുകയുള്ളൂ.
അപകീര്‍ത്തിക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനെത്തുടര്‍ന്ന് ഒരു പാര്‍ലമെന്റ് സെഷന്‍ രാഹുല്‍ ഗാന്ധിക്ക് നഷ്ടമായി. ഇന്നലെ മുതല്‍ ആരംഭിച്ച പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനവും രാഹുലിന് നഷ്ടമാകുന്ന സ്ഥിതിയാണ്.