LogoLoginKerala

വിഭാഗീയപ്രവര്‍ത്തനം; പി കെ ശശിയെ തരംതാഴ്ത്തി

 
pk sasi

പാലക്കാട്-സി പി എമ്മിന്റെ മുതിര്‍ന്ന നേതാവ് പി.കെ ശശിയെ പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റില്‍ നിന്ന്  ജില്ലാ കമ്മിറ്റിയിലേക്ക് തരം താഴ്ത്തി. ജില്ലയിലെ വിഭാഗീയ പ്രവര്‍ത്തനങ്ങളെ തുടര്‍ന്നാണ് ശശിക്കെതിരെയുള്ള നടപടി. വി.കെ ചന്ദ്രനെയും ജില്ലാ കമ്മിറ്റിയിലേക്ക് തരം താഴ്ത്തി. ജില്ലാ കമ്മിറ്റി അംഗം ചാമുണ്ണിയെ ഏരിയ കമ്മിറ്റിയിലേക്ക് തരം താഴ്ത്തി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. 

കൊല്ലങ്കോട് ഏരിയ കമ്മിറ്റിയില്‍ നിന്ന് നാല് പേരെ ഒഴിവാക്കി. അഞ്ച് പേരെ തിരിച്ചെടുത്തു. മുന്‍ ഏരിയ സെക്രട്ടറി യു അസീസ് ഉള്‍പ്പടെയുള്ളവരെയാണ് തിരിച്ചെടുത്തത്. കഴിഞ്ഞ ഏരിയ സമ്മേളനത്തില്‍ പാനലില്‍ ഉണ്ടായിട്ടും വോട്ടെടുപ്പില്‍ തോറ്റു പോയവരാണ് ഇവര്‍. പുതുനഗരം, കൊല്ലങ്കോട് ലോക്കല്‍ സെക്രട്ടറിമാരും പുറത്താക്കപ്പെട്ടവരില്‍ ഉള്‍പ്പെടും. വിഭാഗീയതയെ കുറിച്ചു പഠിച്ച അന്വേഷണ കമീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

പി കെ ശശി, വികെ ചന്ദ്രന്‍, സി കെ ചാമുണ്ണി എന്നീ നേതാക്കള്‍ക്കെതിരെ വിഭാഗതീയതയുമായി ബന്ധപ്പെട്ട് പരാതി ഉയര്‍ന്നതിന് പിന്നാലെ സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പുത്തലത്ത് ദിനേശനാണ് അന്വേഷണം നടത്തിയത്. ശശിക്കെതിരെ അന്വേഷണ കമ്മിഷന്‍ ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തി. മണ്ണാര്‍ക്കാട്, ചെര്‍പ്പുളശേരി ഏരിയാ കമ്മിറ്റികളില്‍ നിന്നാണ് കൂടുതലും പരാതി ഉയര്‍ന്നത്. പാര്‍ട്ടി അറിയാതെ സി പി എം ഭരണത്തിലുള്ള സഹകരണ ബാങ്കുകളില്‍ നിന്ന് വന്‍തുക പല കാര്യങ്ങള്‍ക്കായി പി കെ ശശി വകമാറ്റി, ഏരിയാ കമ്മിറ്റി ഓഫീസിന്റെ നിര്‍മാണ ഫണ്ടില്‍ കൈകടത്തിയെന്നുമാണ് പരാതി. പി.കെ ശശിക്കെതിരായ പാര്‍ട്ടി ഫണ്ട് തിരിമറി പരാതിയില്‍ നടപടി പിന്നീട് സ്വീകരിക്കും.