LogoLoginKerala

നിഖിൽ തോമസിന് വേണ്ടി ശുപാർശ നൽകിയത് സി പി എം നേതാവെന്ന് കോളേജ് മാനേജർ

 
Nikhil Thomas
ആലപ്പുഴ - വ്യാജ സര്‍ട്ടിഫിക്കറ്റ് സംഭവത്തില്‍ എസ് എഫ് ഐ നേതാവ് നിഖില്‍ തോമസിന് വേണ്ടി സി പി എം നേതാവ് ശുപാര്‍ശ ചെയ്തിരുന്നുവെന്നും എന്നാല്‍ നേതാവിന്റെ പേര് വെളിപ്പെടുത്താന്‍ തയ്യാറല്ലെന്നും എം എസ് എം കോളേജ് മാനേജര്‍ ഹിലാല്‍ ബാബു. പേരു വെളിപ്പെടുത്തിയാല്‍ അയാളുടെ രാഷ്ട്രീയ ഭാവി പോകും എന്നതിനാലാണ് പേര് പറയാത്തതെന്നും ഹിലാല്‍ ബാബു വ്യക്തമാക്കി. എല്ലാ പാർട്ടിക്കാരും ഇത്തരത്തിൽ ശുപാർശയുമായി വരാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയ വിദ്യാര്‍ഥിയെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സജീവമായി നില്‍ക്കുന്ന ഒരു രാഷ്ട്രീയപ്രവര്‍ത്തകനാണ് അദ്ദേഹത്തിനായി ശുപാര്‍ശ ചെയ്തത്.ഇതേ വ്യക്തി ഇതിന് മുന്‍പും സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ പേര് പറയുന്നത് ശരിയായ കാര്യമല്ല. പ്രവേശനം നല്‍കിയത് ഫീസ് വാങ്ങിയിട്ടല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കോളേജിന്റെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടാറില്ല. വ്യാജസർട്ടിഫിക്കറ്റാണെന്ന് മനസ്സിലായത് ഇപ്പോഴാണ്. അഡ്മിഷന്റെ കാര്യത്തില്‍ അധ്യാപകര്‍ തെറ്റുകാരാണോ എന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ കോളേജ് മാനേജ്മെന്റ് നിഖിലിന് എതിരെ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. നിഖില്‍ തോമസിനെ കഴിഞ്ഞ ദിവസം കോളേജില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. നിഖിലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പ്രിന്‍സിപ്പാള്‍ വ്യക്തമാക്കിയിരുന്നു. കേസില്‍ ആറംഗ സമിതിയെ അന്വേഷണത്തിന് നിയോഗിക്കുകയും രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ സമിതിക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. കായംകുളം എം എസ് എം കോളേജിലെ രണ്ടാം വര്‍ഷ എം കോം വിദ്യാര്‍ഥിയാണ് നിഖില്‍ തോമസ്. ഇതേ കോളേജില്‍ തന്നെയാണ് 2017-20 കാലഘട്ടത്തില്‍ ബികോം പഠനം നടത്തിയത്. പക്ഷേ നിഖില്‍ ഡിഗ്രിക്ക് തോറ്റിരുന്നു .പിന്നീട് ഒരു വര്‍ഷത്തെ ഇടവേളക്ക് ശേഷം നിഖില്‍ ഇവിടെ തന്നെ എം കോമിന് ചേരുകയായിരുന്നു. അഡ്മിഷനായി ഹാജരാക്കിയത് കലിംഗ സര്‍വകലാശാലയുടെ ബിരുദ സര്‍ട്ടിഫിക്കറ്റായിരുന്നു. 2019 മുതല്‍ കലിംഗയില്‍ പഠിച്ചെന്നാണ് നിഖിലിന്റെ വാദം. എം എസ് എം കോളേജില്‍ നിഖിലിന്റെ ജുനിയര്‍ വിദ്യാര്‍ഥിനി കൂടിയായ എസ് എഫ് ഐ ജില്ലാ കമ്മിറ്റി അംഗം ഡിഗ്രി വ്യാജമെന്ന് ആരോപിച്ച് പാര്‍ട്ടിക്ക് പരാതി നല്‍കിയതോടെയാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് വിഷയം പുറത്തായതും അത് വലിയ വിവാദത്തിലേക്ക് നീങ്ങിയതും.