LogoLoginKerala

മുഖ്യമന്ത്രിക്കൊപ്പം വേദിപങ്കിടാൻ 82 ലക്ഷം പിരിച്ചെന്ന റിപ്പോർട്ട് , സിപിഎം പ്രതിരോധത്തിൽ; കടുത്ത വിമർശനവുമായി കോൺഗ്രസ്

അമേരിക്കയിലെ പണപ്പിരിവ് മുഖ്യമന്ത്രിയുടെ അറിവോടെയാണോ എന്നാണ് കോൺഗ്രസ് ചോദ്യം. ലോക കേരളസഭ ധൂര്‍ത്തിന്റെ പര്യായമെന്ന് യൂത്ത് കോൺഗ്രസ് വിമർശിച്ചു
 
Pinarayi Vijayan
വീണ്ടും വിവാദങ്ങൾക്ക് തിരികൊളുത്തി ലോക കേരള സഭ. അമേരിക്കയില്‍ ലോകകേരളസഭാ മേഖലാസമ്മേളനത്തിന് താരനിശ മാതൃകയില്‍ പണപ്പിരിവ് നടന്നെന്നാണ് റിപ്പോർട്ടുകൾ. അതും മുഖ്യമന്ത്രിക്കൊപ്പം വേദിപങ്കിടാൻ 82 ലക്ഷത്തിന്റെ പിരിവ്. റിപ്പോർട്ടുകൾ സിപിഎമ്മിനെ കടുത്ത പ്രതിരോധത്തിലാക്കുകയാണ്.  അമേരിക്കയിലെ പണപ്പിരിവ് മുഖ്യമന്ത്രിയുടെ അറിവോടെയാണോ എന്നാണ് കോൺഗ്രസ് ചോദ്യം. ലോക കേരളസഭ ധൂര്‍ത്തിന്റെ പര്യായമെന്ന് യൂത്ത് കോൺഗ്രസ് വിമർശിച്ചു. ഉമ്മൻചാണ്ടിക്കൊപ്പം വേദി പങ്കിടാൻ‌ 82 ലക്ഷം വേണ്ടായിരുന്നെന്നാണ് പരിഹാസം.

മുഖ്യമന്ത്രി പങ്കെടുക്കുന്ന മേഖലാ സമ്മേളനത്തിനായി ഗോൾഡ്, സിൽവർ, ബ്രോൺസ് മാതൃകയിൽ പാസുകൾ നൽകിയാണ് സ്പോൺസർഷിപ്പുകൾ സ്വീകരിച്ചത്. ഗോൾഡിന് ഒരു ലക്ഷം ഡോളറും സിൽ‌വറിന് അമ്പതിനായിരം ഡോളറും ബ്രോൺസിന് 25000 ഡോളറുമാണ് നൽകേണ്ടിയിരുന്നത്. മുഖ്യമന്ത്രിക്ക് പുറമേ കെ.എൻ‌ ബാലഗോപാൽ സ്പീക്കർ എ എൻ ഷംസ്സീർ, നോർക്ക് വൈസ് പ്രസിഡന്റ് പി ശ്രീരാമകൃഷ്ണൻ എന്നിവരുടെയും സമ്മേളനം നടക്കുന്ന ആഢംബര ഹോട്ടലിന്റെയും ചിത്രം സഹിതമുള്ള താരിഫ് കാർഡാണ് അമേരിക്കൻ മലയാളികളുടെ ഗ്രൂപ്പിൽ പ്രചരിക്കുന്നത്.

വലിയ സ്പോസർഷിപ്പിന് മുഖ്യമന്ത്രി അടക്കമുള്ളവർക്ക് ഒപ്പം അത്താഴവിരുന്നും വേദിയിൽ ആദരവ് നൽകുന്ന ചടങ്ങുമാണ് ഒരുക്കാനിരുന്നത്. നവകേരള നിർമ്മിതിയിലെ അമേരിക്കൻ മലയാളികളുടെ പങ്ക്, ലോക കേരള സഭാ വിപിലീകരണം തുടങ്ങിയ വിഷയങ്ങൾ ചര്‌‍ച്ച ചെയ്യാനായാണ് മേഖലാ സമ്മേളനം യുഎസ്സിൽ നിശ്ചയിച്ചത്. എന്തായാലും വിഷയം ഏറെ രാഷ്ട്രീയ ചർച്ചകൾക്ക് വഴിമാറിയിരിക്കുകയാണ്.