LogoLoginKerala

ഷാജന്‍ സ്‌കറിയയെ കൈവിട്ട് കോണ്‍ഗ്രസ്

മറുനാടന്‍ മലയാളിയെ സംരക്ഷിക്കേണ്ടത് ഞങ്ങളുടെ ജോലിയല്ലെന്ന് വി.ഡി. സതീശന്‍
 
Shajan Skaria VS V D Satheeshan

കോണ്‍ഗ്രസില്‍ തന്നെ അതൃപ്തി ശക്തമായതോടെ നിലപാട് തിരുത്തി പ്രതിപക്ഷ നേതാവ്. മറുനാടന്‍ മലയാളിയെ സംരക്ഷിക്കേണ്ടത് കോണ്‍ഗ്രസിന്റെ ബാധ്യതയല്ലെന്ന് വി.ഡി സതീശന്‍ വ്യക്തമാക്കി.  മറുനാടനെ സംരക്ഷിക്കാന്‍ ഇറങ്ങിയതല്ല കോണ്‍ഗ്രസെന്നും മറുനാടനെ കുറിച്ച് കോണ്‍ഗ്രസിനാണ് ഏറ്റവും കൂടുതല്‍ പരാതിയുള്ളതെന്നും വി.ഡി സതീശന്‍ ചൂണ്ടികാട്ടി.

രാഹുല്‍ഗാന്ധി, മല്ലികാര്‍ജുന്‍ ഖര്‍ഗെ അടക്കമുള്ളവര്‍ക്ക് എതിരെ വരെ മറുനാടന്‍ മലയാളി ചാനല്‍ അധിക്ഷേപ പ്രചാരണമാണ് നടത്തിയത്. താന്‍ നടത്തിയ ഇഫ്താര് പാര്‍ട്ടിയെക്കുറിച്ച് വരെ വളരെ മോശമായാണ് മറുനാടന്‍ മലയാളി റിപ്പോര്‍ട്ട് ചെയ്തതെന്നും ഒരുതരത്തിലും മറുനാടനെ സംരക്ഷിക്കുന്ന നിലപാടല്ല കോണ്‍ഗ്രസിനെന്നും വി.ഡി. സതീശന്‍ കൂട്ടിചേര്‍ത്തു.

കെപിസിസി പ്രസിഡന്റ് കെ സുധാകരനെയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മറുനാടന്‍ മലയാളിക്കെതിരായ പൊലീസ് നടപടിയെ അടക്കം വിമര്‍ശിച്ച് നേരത്തെ രംഗത്തെത്തിയിരുന്നു. ഇതിനെതിരെ കോണ്‍ഗ്രസില്‍ തന്നെ അതൃപ്തി ശക്തമായിരുന്നു. ആത്മാഭിമാനമുള്ള ആരും മറുനാടനെ പിന്തുണയ്ക്കില്ലെന്ന് ചൂണ്ടിക്കാട്ടി ടി.എന്‍ പ്രതാപനും, രാഹുല്‍ ഗാന്ധിയെ വരെ മോശമായി ചിത്രീകരിച്ച് ബോധപൂര്‍വ്വം വ്യാജ വാര്‍ത്തകള്‍ നല്‍കിയ കാര്യം മറന്നാണ് ചിലരുടെ മറുനാടന്‍ പ്രേമമെന്ന് കെ മുരളീധരനും തുറന്നുപറഞ്ഞിരുന്നു.

മറുനാടന്‍ മലയാളിക്കും, ഷാജന്‍ സ്‌കറിയ്ക്കും എതിരെ കടുത്ത വിമര്‍ശനവുമായി മുസ്ലീം ലീഗും രംഗത്തെത്തിയിരുന്നു. സമൂഹത്തില്‍ മത സ്പര്‍ധയും വിദ്വേഷ പ്രചാരണവും നടത്തുന്ന മറുനാടന്‍ മലയാളി യൂടൂബ് ചാനലിന്റേത് മാധ്യമപ്രവര്ത്തനമായി കാണാനാകില്ലെന്നായിരുന്നു ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാമ്മിന്റെ പ്രസ്താവന. മുന്നണിയില്‍ തന്നെ വിമര്‍ശനം ശക്തമായതോടെയാണ് വി.ഡി സതീശന്റെ പുതിയ പ്രസ്താവന. ഒരുതരത്തിലും മറുനാടന്‍ മലയാളിയുടെ മാധ്യമസംസ്‌കാരത്തോട് യോജിക്കുന്നില്ലെന്ന നിലപാടിലാണിപ്പോള്‍ കോണ്‍ഗ്രസ്. മറുനാടനെ പിന്തുണച്ച് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്താന്‍ നേരത്തെ നിശ്ചയിച്ചതും റദ്ദാക്കി.