അമല്‍ജ്യോതി കോളേജില്‍ വീണ്ടും സംഘര്‍ഷം; പ്രധാന കവാടം പൂട്ടി വിദ്യാര്‍ത്ഥികള്‍
അമല്‍ ജ്യോതി എന്‍ജിനീയറിങ്ങ് കോളേജില്‍ വീണ്ടും പ്രതിഷേധം. വിദ്യാര്‍ത്ഥികള്‍ പ്രധാന കവാടം പൂട്ടിയതോടെ അധ്യാപകര്‍ ഉള്‍പ്പെടെ കോളേജിനകത്ത് കുടുങ്ങി കിടക്കുകയാണ്. ഹോസ്റ്റല്‍ തുറന്നു കൊടുക്കാതെ അധ്യാപകരെ പുറത്തേക്ക് വിടില്ലെന്ന് വിദ്യാര്‍ത്ഥികള്‍ അറയിച്ചു. കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി ശ്രദ്ധ സതീഷിന്റെ ആത്മഹത്യയെ തുടര്‍ന്നാണ് കോളേജില്‍ സംഘര്‍ഷം ഉടലെടുത്തത്.
അതേസമയം, സംഭവത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍. അമല്‍ ജ്യോതി കോളേജിലെ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയില്‍ നാളെ മന്ത്രിതല ചര്‍ച്ച നടക്കാന്‍ തീരുമാനം. മന്ത്രിമാരായ ഡോ. ആര്‍ ബിന്ദുവും വി എന്‍ വാസവനും മാനേജ്‌മെന്റുമായി ചര്‍ച്ച നടത്തും. രാവിലെ 10 മണിക്ക് നടതക്കുന്ന ചര്‍ച്ചയില്‍ വിദ്യാര്‍ത്ഥി പ്രതിനിധികളും പങ്കെടുക്കും.
KTU അധികൃതര്‍ അമല്‍ ജ്യോതി എന്‍ജിനായറിങ് കോളേജ് നാളെ സന്ദര്‍ശിക്കും. നിലവിലുള്ള സാഹചര്യവും ആത്മഹത്യയിലേക്ക് നയിച്ച കാരണവും വിലയിരുത്തും. സിന്‍ഡിക്കേറ്റ് അംഗം ഡി. സഞ്ജീവ്, അക്കാദമിക് ഡീന്‍ അഡ്വ. ബിനു തോമസ് എന്നിവരാകും അമല്‍ജ്യോതി എഞ്ചിനീയറിങ് കോളജില്‍ നേരിട്ടെത്തി വിവരങ്ങള്‍ ശേഖരിക്കുക. വിദ്യാര്‍ഥിനിയുടെ മരണത്തിനു പിന്നില്‍ കോളജിന്റെ ഭാഗത്തുനിന്നോ അധ്യാപകരുടെ ഭാഗത്തുനിന്നോ ഇടപെടലോ വീഴ്ചയോ ഉണ്ടായിട്ടുണ്ടോ എന്നും അന്വേഷിക്കും. അതിനു ശേഷം നാളെയോ മറ്റന്നാളോ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥി ശ്രദ്ധ സതീഷിനെയാണ് കഴിഞ്ഞദിവസം മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ശക്തമായ പ്രതിഷേധമാണ് വിദ്യാര്‍ഥികള്‍ ഉയര്‍ത്തിയത്. പ്രക്ഷോഭം ശക്തമായതോടെ കോളജ് അടച്ചു. ഹോസ്റ്റലുകള്‍ ഒഴിയണമെന്ന് പ്രിന്‍സിപ്പല്‍ നിര്‍ദേശം നല്‍കുകയായിരുന്നു.