LogoLoginKerala

സാമ്പത്തിക പ്രതിസന്ധിക്കിടയിലും മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശപര്യടനത്തിന്

 
pinarayi
തിരുവനന്തപുരം- സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടയില്‍ വിദേശയാത്രയ്‌ക്കൊരുങ്ങി മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും. ലോക കേരള സഭയുടെ മേഖലാ സമ്മേളനങ്ങള്‍ക്കായാണ് പുതിയ യാത്ര എന്നാണ് റിപ്പോര്‍ട്ട്. സമ്മേളനങ്ങള്‍ക്കായി ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍ രണ്ട് സബ് കമ്മിറ്റികളും രൂപീകരിച്ച് കഴിഞ്ഞു. ജൂണില്‍ അമേരിക്കയിലും സെപ്തംബറില്‍ സൗദിയിലുമാണ് മേഖലാ സമ്മേളനങ്ങള്‍ നടക്കുക. 
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നില്‍ക്കെ ജനത്തെ കൊഞ്ഞനം കുത്തിയാണ് എല്ലാവരും കൂടി വിദേശത്തേയ്ക്ക് പോകാനിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കുറ്റപ്പെടുത്തി. കടുത്ത സാമ്പത്തിക പ്രതസന്ധിയിലേയ്ക്ക് കേരളം കൂപ്പുകുത്തമ്പോഴും സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം ആഘോഷമാക്കാന്‍ 125 കോടി രൂപയാണ് മുഖ്യമന്ത്രി അനുവദിച്ചത്. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിസ്സഹകരണം പ്രഖ്യാപിച്ചിരുന്നു.
ഇക്കഴിഞ്ഞ ഡിസംബറില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞ കണക്കനുസരിച്ച് 40,000 കോടി രൂപയുടെ വരുമാനക്കുറവാണ് ഈ വര്‍ഷം കേരളത്തിലുണ്ടാകാന്‍ പോകുന്നത്. ഈ വര്‍ഷത്തെ ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം 1,73,000 കോടി രൂപയാണ് സര്‍ക്കാര്‍ വിവിധ മേഖലകളില്‍ നിന്നും പ്രതീക്ഷിക്കുന്ന വരുമാനം. ഇതില്‍ 40,000 കോടി രൂപ കിട്ടാതിരിക്കുക എന്നാല്‍, പ്രതീക്ഷിച്ച വരുമാനത്തില്‍ ഏതാണ്ട് കാല്‍പങ്ക് നഷ്ടപ്പെടുക എന്നാണ്. ഈ തുക അത്ര നിസ്സാരമല്ലെന്നു ചുരുക്കം. ഇതിനിടെയാണ് സര്‍ക്കാരിന്റെ ഇത്തരത്തിലുള്ള അധിക ചെലവുകള്‍. പ്രതിപക്ഷം ഇതിനെതിരെ ശക്തമായ എതിര്‍പ്പുമായി രംഗത്തുവരുമെന്ന് വ്യക്തമാക്കിക്കഴിഞ്ഞു.