LogoLoginKerala

കോഴി മൃഗമാണെന്ന് ഗുജറാത്ത് സര്‍ക്കാര്‍ കോടതിയില്‍

പിന്നിൽ സാമ്പത്തിക താൽപര്യമെന്ന് ആക്ഷേപം
 
Chicken
അഹമ്മദാബാദ്- ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ്‌സ് ആക്ട് പ്രകാരം കോഴിയെ മൃഗമായാണ് കണക്കാക്കുന്നതെന്ന് ഗുജറാത്ത് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇക്കാര്യം അന്വേഷിച്ചുള്ള ഗുജറാത്ത് ഹൈക്കോടതിയുടെ ചോദ്യത്തിനാണ് സര്‍ക്കാര്‍ മറുപടി നല്‍കിയത്. പക്ഷികളെ അറുക്കാനായി ഇറച്ചിക്കടകളില്‍ വിതരണം ചെയ്യുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് അനിമല്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍, അഹിംസ മഹാസംഘ് എന്നീ സന്നദ്ധ സംഘടനകള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കശാപ്പുശാലകളില്‍ വെച്ചാണ് കോഴികളെ അറുക്കേണ്ടതെന്നും ഹർജിയില്‍ പറയുന്നു.
നിയമലംഘനം ആരോപിച്ച് സംസ്ഥാനത്തുടനീളം തദ്ദേശ സ്ഥാപനങ്ങള്‍ ഇറച്ചിക്കടകളില്‍ ഈയിടെ പരിശോധന നടത്തുകയും ചെയ്തിരുന്നു. കോഴി വില്‍പനക്കാരുടെ സംഘടന ഇതിനെതിരെ രംഗത്തെത്തുകയും വിഷയത്തില്‍ ഹർജി നല്‍കുകയും ചെയ്തിട്ടുണ്ട്. ജസ്റ്റിസ് എന്‍.വി. അന്‍ജാരിയ, ജസ്റ്റിസ് നിരള്‍ മേത്ത എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ചാണ് ഹർജികള്‍ പരിഗണിക്കുന്നത്.
ഹർജികളില്‍ വിശദീകരണം നല്‍കവേ സര്‍ക്കാര്‍ പ്ലീഡര്‍ മനീഷ ലവ്കുമാറാണ് കോഴികള്‍ മൃഗനിയമ പരിധിയില്‍ വരുന്നതാണെന്ന് വ്യക്തമാക്കിയത്. മത്സ്യങ്ങള്‍ ഇതിന്റെ പരിധിയില്‍ വരില്ലെന്നും അഭിഭാഷകന്‍ അറിയിച്ചു. ഇതനുസരിച്ച് കോഴിയെ മൃഗമായി കണക്കാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടാല്‍, പിന്നീട് കശാപ്പുശാലകളില്‍ മാത്രമേ കോഴിയെ അറുക്കാനാകൂ. ഇത് കോഴി കര്‍ഷകരെയും കോഴിയിറച്ചി കടകളെയും പ്രതികൂലമായി ബാധിക്കും. കോഴികളെ കശാപ്പുശാലകളില്‍ വെച്ച് അറുക്കുന്നത് പ്രയോഗികമല്ലെന്ന് കോഴിക്കടയുടമകള്‍ക്ക് വേണ്ടി ഹാജരായ അഡ്വ. കവിന വാദിച്ചു. കശാപ്പുശാലയില്‍ മറ്റു മൃഗങ്ങളെ അറുക്കുന്നതിന് മുമ്പും ശേഷവും മൃഗഡോക്ടറെ സാക്ഷ്യപ്പെടുത്തേണ്ടതുണ്ട്. കോഴികളുടെ കാര്യത്തില്‍ അതെങ്ങനെ സാധ്യമാകുമെന്നും അവര്‍ ചോദിച്ചു.
പിന്നിൽ സാമ്പത്തിക താൽപര്യം: കെ സഹദേവൻ
കോഴി ഒരു മൃഗം ആണെന്ന് ഗുജറാത്ത് സർക്കാർ കോടതിയിൽ വാദിക്കുന്നത് ഒരു തമാശയായി എടുക്കാവുന്ന കാര്യമല്ലെന്ന് മുതിർന്ന മാധ്യമ പ്രവർത്തകൻ കെ
 സഹദേവൻ അഭിപ്രായപ്പെട്ടു.
കോടതിയിൽ തീർപ്പായിക്കഴിഞ്ഞാൽ പിന്നീട് കോഴിയെ കൊല്ലൽ ഒരു സാധാരണ നടപടിയാക്കാൻ കഴിയില്ല. അതായത്, കോഴിയെ വീടുകളിൽ വെച്ച് കൊല്ലാൻ കഴിയില്ല. പകരം 'അറവുശാലകളിൽ' വെച്ച് മാത്രമേ അത് സാധിക്കൂ എന്നർത്ഥം.
ഇതിലെന്താ വലിയ കാര്യം? എന്ന് ആശ്ചര്യം കൊള്ളുന്നവർ ഇന്ത്യൻ ഗ്രാമീണ മേഖലയെക്കുറിച്ച് വലിയ ധാരണയില്ലാത്തവരാണെന്ന് പറയേണ്ടി വരും.
രാജ്യത്തെ കോടിക്കണക്കായ വീടുകളിൽ ഇപ്പോഴും കോഴിയെ കൊല്ലുന്നത് വീടുകളിൽ വെച്ചാണ്.
എല്ലാ അനൗദ്യോഗിക മേഖല (informal sector) യെയും ഔദ്യോഗിക സാമ്പത്തിക ഇടപാടുകളിലേക്ക് പരിവർത്തിപ്പിക്കുക എന്നത് കേന്ദ്ര സർക്കാരിൻ്റെ നയമാണ്.
അതുവഴി ഏറ്റവും സാധാരണക്കാരായ മനുഷ്യരെക്കൂടി തങ്ങളുടെ നികുതി ഭാരത്തിൻ്റെ വരുതിയിൽ കുടുക്കുക എന്നതാണ് സർക്കാർ പദ്ധതി.
150 ലക്ഷം കോടിയിലധികം കടമുള്ള ഒരു സർക്കാർ സാധ്യമായ എല്ലാ ഇടങ്ങളിലേക്കും ഈ രീതിയിൽ കടന്നുകയറ്റം നടത്തും.
അതായത്, കോഴി മൃഗമാണെന്ന് സർക്കാർ പറയുന്നതിന് പിന്നിൽ ചെറുതല്ലാത്ത സാമ്പത്തിക താൽപര്യങ്ങളുണ്ട് എന്നർത്ഥം.