LogoLoginKerala

ചന്ദ്രയാന്‍ 3 ലാന്‍ഡറിനേയും റോവറിനേയും ഉണര്‍ത്തുന്ന ദൗത്യം ഇന്നും തുടരും

 
chandrayan

ചന്ദ്രയാന്‍ 3 ലാന്‍ഡറിനേയും റോവറിനേയും ഉണര്‍ത്തുന്ന ദൗത്യം ഇന്നും തുടരുമെന്ന് ഐഎസ്ആർഒ അറിയിച്ചു. ഇന്നലെ വിക്രം ലാന്‍ഡറുമായും പ്രഗ്യാന്‍ റോവറുമായും ആശയവിനിമയത്തിന് ശ്രമിച്ചെങ്കിലും സിഗ്നലുകളൊന്നും ലഭിച്ചിരുന്നില്ല.

ഓഗസ്റ്റ് 23നാണ് വിക്രം ലാന്‍ഡര്‍ ചന്ദ്രനിലെ ശിവശക്തി പോയിന്റില്‍ ഇറങ്ങിയത്. കഴിഞ്ഞ രണ്ടിന് റോവറും നാലിന് ലാന്‍ഡറും സ്ലീപ് മോഡിലേക്കു മാറി. ചാന്ദ്ര പകല്‍ അവസാനിച്ചതോടെയാണ് ഊര്‍ജ സംരക്ഷണത്തിനുവേണ്ടി ഇവ സ്ലീപ് മോഡിലേക്കു മാറ്റിയത്.

പൂജ്യത്തിനും താഴെ 180 ഡിഗ്രി വരെയെത്തുന്ന ചന്ദ്രനിലെ രാത്രി താപനിലയെ അതിജീവിക്കാന്‍ ഇവയ്ക്കാകുമോ എന്ന് ഉറപ്പില്ല. എന്നാല്‍ ഈ അവസ്ഥ പിന്നിട്ട ശേഷം ബുധനാഴ്ചയാണ് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ സൂര്യപ്രകാശം എത്തിത്തുടങ്ങിയത്.

വ്യാഴം, വെള്ളി ദിവസങ്ങളില്‍ സൂര്യപ്രകാശം ഏറ്റവും തീവ്രമായ അവസ്ഥയില്‍ എത്തും. ഈ സമയത്ത് മൊഡ്യൂളുകളിലെ സൗരോര്‍ജ പാനലുകള്‍ പ്രവര്‍ത്തിപ്പിച്ച് അവയെ സ്ലീപ് മോഡില്‍ നിന്ന് പുറത്തെത്തിക്കാനായിരുന്നു ഐഎസ്ആര്‍ഒ ശ്രമം. വിക്രമും പ്രജ്ഞാനും ഉണരുന്നതോടെ ചന്ദ്രയാന്‍ 3ന്റെ രണ്ടാംഘട്ടത്തിന് തുടക്കമാകുമെന്ന് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ് അറിയിച്ചു.

ചാന്ദ്രരാത്രിയിയില്‍ മൈനസ് 150 ഡിഗ്രി വരെയായിരുന്നു കാലാവസ്ഥ. പേടകം ഇതിനെ അതിജീവിച്ചിട്ടുണ്ടോ എന്നറിയാനുള്ള ശ്രമങ്ങളാണ് ഐഎസ്ആർഒ ഇപ്പോള്‍ നടത്തുന്നത്. ചന്ദ്രനിലെ ദക്ഷിണ ധ്രുവത്തിലിറങ്ങിയ ചന്ദ്രയാന്‍ 10 ഭൗമദിനങ്ങളിലാണ് ഫലപ്രദമായി പ്രവര്‍ത്തിച്ചത്.