LogoLoginKerala

വൈപ്പിനില്‍ 200 മീറ്റര്‍ കടല്‍ഭിത്തി തകര്‍ന്നു, മരങ്ങള്‍ കടപുഴകി വ്യാപക നാശനഷ്ടം

മഴ കനത്തു; നാളെഓറഞ്ച് അലര്‍ട്ട്
 
heavy rain

കൊച്ചി- എറണാകുളം ജില്ലയില്‍ പെയ്യുന്ന കനത്ത മഴയില്‍ വെള്ളക്കെട്ടും വ്യാപക നാശനഷ്ടവും. വിവിധ പ്രദേശങ്ങളില്‍ മരങ്ങള്‍ കടപുഴകി വീഴുകയും വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. കൊച്ചി നഗരത്തില്‍ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. വൈപ്പിനില്‍ 200 മീറ്ററോളം കടല്‍ഭിത്തി കനത്ത മഴയില്‍ തകര്‍ന്നു. ഇതോടൊപ്പം കടല്‍ക്ഷോഭവും രൂക്ഷമായതോടെ തീരദേശ റോഡുകള്‍ വെള്ളത്തിനടിയിലായി. 20 വീടുകളില്‍ വെള്ളം കയറി.
ഇടതടവില്ലാതെ പെയ്ത മഴയെ തുടര്‍ന്ന് ജില്ലയില്‍ ഇന്നലെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്. അണക്കെട്ടുകളും മൂവാറ്റുപുഴയാറും ഉള്‍പ്പെടെയുള്ള ജലാശയങ്ങളില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ടെങ്കിലും ആശങ്കക്കിടയില്ലെന്ന് ജില്ലാ ദുരന്ത നിവാരണ വിഭാഗം അറിയിച്ചു. ഇന്നലെ രാത്രിയും ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കലക്ടറേറ്റിലും ജില്ലയിലെ മുഴുന്‍ താലൂക്കുകളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു.
കനത്ത മഴയില്‍ ഇന്നലെ ഉച്ചയോടെ ഗാന്ധിനഗര്‍ കോളനിയില്‍ വെള്ളം കയറി. നിരവധി വീടുകളിലെ ഉള്ളിലേക്കും വെള്ളം കയറി. ഇടക്ക് മഴ തോര്‍ന്ന് നിന്ന സമയത്ത് വെള്ളം തിരിച്ചിറങ്ങിത് കോളനി നിവാസികള്‍ക്ക് ആശ്വാസമായി.
എറണാകുളം നഗരത്തിന്റെ വിവിധ പ്രദേശങ്ങളില്‍ വെള്ളക്കെട്ടുണ്ടായെങ്കിലും മുന്‍ വര്‍ഷത്തെപ്പോലെ കാര്യമായ പ്രശ്നങ്ങളണ്ടായില്ല. കടവന്ത്ര, പാലാരിവട്ടം, കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡ് പരിസരം, വുഡ്ലാന്‍ഡ്സ് ജംഗ്ഷന്‍, ഗാന്ധിനഗര്‍ കോളനി, സലിം രാജന്‍ മേല്‍പ്പാലം അവസാനിക്കുന്ന ഭാഗം, കണിയാമ്പുഴ റോഡ്, തമ്മനം പുല്ലേപ്പടി റോഡ് എന്നിവിങ്ങളിലാണ് വെള്ളക്കെട്ടുണ്ടായത്. എന്നാല്‍ മഴ തോര്‍ന്ന് നിന്ന സമയങ്ങളില്‍ വെള്ളം തിരികെയിറങ്ങിയതിനാല്‍ കാര്യമായ പ്രശ്നങ്ങളുണ്ടായില്ല.