LogoLoginKerala

വ്യാജരേഖ ചമച്ച് അധ്യാപികയാകാന്‍ ശ്രമിച്ച മഹാരാജാസ് പൂര്‍വവിദ്യാര്‍ഥിനിക്കെതിരെ കേസ്

വ്യാജരേഖ നിര്‍മിതിയില്‍ എസ് എഫ് ഐക്ക് പങ്കുണ്ടെന്ന് കെ എസ് യു

 
MAHARAJAS


കൊച്ചി- അധ്യാപികയായി പ്രവര്‍ത്തിച്ചതിനുള്ള എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് വ്യാജമായി നിര്‍മിച്ച് മറ്റൊരു സര്‍ക്കാര്‍ കോളേജില്‍ അധ്യാപികയാകാന്‍ ശ്രമിച്ച എറണാകുളം മഹാരാജാസ് കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥിനിക്കെതിരെ കൊച്ചി സിറ്റി പൊലീസ് കേസെടുത്തു. മഹാരാജാസ് കോളേജിന്റെ സീലും പ്രിന്‍സിപ്പലിന്റെ ഒപ്പും വ്യാജമായി ഉണ്ടാക്കിയായിരുന്നു അധ്യാപന പരിചയത്തിന്റെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയത്. എറണാകുളം മഹാരാജാസ് കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥിനിയായിരുന്ന കാസര്‍കോഡ് തൃക്കരിപ്പൂര്‍ സ്വദേശിനി കെ വിദ്യക്കെതിരെയാണ് വ്യാജരേഖ ചമച്ചതിന് കേസെടുത്തത്. മഹാരാജാസ് പ്രിന്‍സിപ്പല്‍ നല്‍കിയ പരാതിയിലാണ് നടപടി.

2018 മുതല്‍ 2021 വരെ മഹാരാജാസ് കോളേജ് താത്കാലിക അധ്യാപികയായിരുന്നെന്ന് തെളിയിക്കുന്ന രേഖയാണ് പ്രിന്‍സിപ്പലിന്റെ ഒപ്പും കോളേജിന്റെ സീലും ഉള്‍പ്പെടുത്തി ഇവര്‍ വ്യാജമായി സൃഷ്ടിച്ചത്. പാലക്കാട് അട്ടപ്പാടി ഗവ. കോളേജിലെ താല്‍കാലിക അധ്യാപക നിയമനത്തിന് ഈ രേഖ ഹാജരാക്കുകയും ചെയ്തു. സംശയം തോന്നിയ അവിടുത്തെ അധ്യാപകര്‍ മഹാരാജാസ് കോളേജില്‍ അറിയിച്ചതോടെയാണ് സംഭവം പുറത്തുവന്നത്. ഇതേത്തുടര്‍ന്ന് മഹാരാജാസ് കോളേജ് പ്രിന്‍സിപ്പല്‍ എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ വിദ്യയ്‌ക്കെതിരെ പരാതി നല്‍കുകയായിരുന്നു. 

സംഭവത്തില്‍ എസ്എഫ്‌ഐ സംസ്ഥാന നേതൃത്വത്തിന് പങ്കുണ്ടെന്നാരോപിച്ച് എറണാകുളം ഡി സി സി രംഗത്തെത്തി. ഒരു എസ് എഫ് ഐ സംസ്ഥാന നേതാവിന് പങ്കുണ്ടെന്നാണ് എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആരോപണം. സംഭവത്തില്‍ പ്രതിഷേധിച്ച് കെ എസ് യു മഹാരാജാസ് കോളജ് പ്രിന്‍സിപ്പലിന്റെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.