LogoLoginKerala

ട്രെയിന്‍ അക്രമത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ വീതം ധനസഹായം

എം.എ. യൂസഫലി നല്‍കിയ രണ്ട് കോടിരൂപ പുറ്റിങ്ങല്‍ ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് 
 
cabinet meet

തിരുവനന്തപുരം-എലത്തൂര്‍ ട്രെയിന്‍ ആക്രമത്തിനിടെ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 5 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. മരണപ്പെട്ട കെ.പി. നൗഫീഖ്, റഹ്മത്ത്, സഹ്‌റ ബത്തൂല്‍ എന്നിവരുടെ ആശ്രിതര്‍ക്കോ കുടുംബത്തിനോ ആണ് തുക നല്‍കുക.
പുറ്റിങ്ങല്‍ വെട്ടിക്കെട്ട് അപകടത്തില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കും പരിക്കേറ്റവര്‍ക്കും നല്‍കുന്നതിന് പ്രമുഖ വ്യവസായി എം.എ. യൂസഫലി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ രണ്ട് കോടി രൂപ വിനിയോഗിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മരണപ്പെട്ട 109 പേരുടെ ആശ്രിതര്‍ക്ക് ഒരു ലക്ഷം രൂപവീതം നല്‍കും. ഗുരുതര പരിക്കേറ്റ 209 പേര്‍ക്ക് 30,000 രൂപയും നിസ്സാര പരിക്കേറ്റ 202 പേര്‍ക്ക് 14,000 രൂപയുമാണ് നല്‍കുക.
കെ.എസ്.ഇ.ബി. മുഖേന കേരള ഗ്രീന്‍ എനര്‍ജി കോറിഡോര്‍ പദ്ധതി നടപ്പാക്കുന്നതിന് ജര്‍മ്മന്‍ ബാങ്കായ കെ.എഫ്.ഡബ്ല്യൂവില്‍ നിന്ന് ലോണ്‍ ലഭ്യമാക്കുന്നതിന് കേരള സര്‍ക്കാര്‍, കെ.എസ്.ഇ.ബി., കെ.എഫ്.ഡബ്ല്യൂ എന്നിവര്‍ ചേര്‍ന്ന് പ്രൊജക്ട് എഗ്രിമെന്റ് ഒപ്പുവയ്ക്കുന്നതിന് മന്ത്രിസഭ അനുമതി നല്‍കി.
സാമൂഹ്യ നീതി വകുപ്പിന്റെ കീഴില്‍ ആരംഭിച്ച മെയിന്റിനന്‍സ് ട്രൈബ്യൂണലുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തുവരുന്ന 25 ടെക്‌നിക്കല്‍ അസിസ്റ്റന്റ്മാരുടെ സേവനം ഒരു വര്‍ഷത്തേയ്ക്കു കൂടി ദീര്‍ഘിപ്പിക്കാന്‍ തീരുമാനിച്ചു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണത്തിന് ഹഡ്‌കോയില്‍ നിന്ന് 3600 കോടി രൂപ വായ്പ എടുക്കാന്‍ വിഴിഞ്ഞം അന്താരാഷ്ട്ര സീ പോര്‍ട്ട് ലിമിറ്റഡിന് സംസ്ഥാന സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കാനും തീരുമാനിച്ചു.