ബ്രഹ്‌മപുരത്ത് ആരോഗ്യപ്രശ്‌നങ്ങള്‍ അതീവഗുരുതരം

കൊച്ചി- തീയണയാത്ത മാലിന്യപ്ലാന്റില്‍ നിന്നുള്ള വിഷപ്പുക നിറഞ്ഞ ബ്രഹ്‌മപുരത്ത് ജനങ്ങള്‍ക്കിടയില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ വര്‍ധിക്കുന്നു. ശ്വാസംമുട്ട്, തലവേദന തുടങ്ങിയ അസുഖങ്ങള്‍ക്ക് ചികിത്സ തേടുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് നടത്തുന്ന മെഡിക്കല്‍ ക്യാമ്പുകളില്‍ പ്രായഭേദമില്ലാതെ ജനം നിറയുന്ന കാഴ്ചയാണ് കാണുന്നത്. നഗരത്തിലെ സ്വകാര്യ ആശുപത്രികളിലും വിഷപ്പുക ശ്വസിക്കുന്നതിന്റെ ആരോഗ്യപ്രശ്‌നങ്ങളുമായി ധാരാളം പേര്‍ എത്തിക്കൊണ്ടിരിക്കുന്നു.
കടുത്ത ശ്വാസംമുട്ടലും തലവേദനയും കണ്ണുകള്‍ക്ക് ചൊറിച്ചിലും മറ്റുമാണ് മിക്കവരെയും അലട്ടുന്ന പ്രശ്‌നം. കുട്ടികളിലും പ്രായമായവരിലുമാണ് രോഗലക്ഷണങ്ങള്‍ കൂടുതലായും കാണുന്നത്. ഹ്രസ്വകാല-ദീര്‍ഘകാല ആരോഗ്യപ്രശ്‌നങ്ങള്‍ വിഷപ്പുക തുടര്‍ച്ചയായി ശ്വസിക്കുന്നതിലൂടെ ഉണ്ടാകുമെന്ന് ആരോഗ്യവിഗദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ആസ്മ രോഗികളിലും ഹൃദ്രോഗ ബാധിതരിലും രോഗാവസ്ഥ രൂക്ഷമാകാന്‍ ഇത് ഇടയാക്കും. ദിവസം ഇരുപതോളം സിഗരറ്റ് വലിക്കുന്ന ഫലമാണ് ഓരോ വ്യക്തിയിലും ഇത് ഉണ്ടാക്കുന്നത്. ക്യാന്‍സര്‍ പോലുള്ള അസുഖങ്ങളുടെ സാധ്യത വര്‍ധിപ്പിക്കാന്‍ ഇത് കാരണമായേക്കും. ഗുരുതരമായ അസുഖങ്ങളുള്ളവരുടെ ആയുസ്സിനെ തന്നെ വിഷപ്പുക ബാധിക്കും. മാലിന്യപ്ലാന്റിലെ പലതരം പ്ലാസ്റ്റിക്കുകളും അജൈവ മാലിന്യങ്ങളും കത്തുമ്പോള്‍ പലതരം കെമിക്കലുകള്‍ ഉണ്ടാകുന്നുണ്ട്. ഇവയെല്ലാം ചേര്‍ന്ന പുകയാണ് ജനങ്ങളുടെ ശ്വാസകോശത്തിലെത്തുന്നത്. ഗര്‍ഭസ്ത ശിശുക്കളെ വരെ ഇത് രോഗികളാക്കാനുള്ള സാധ്യതയുണ്ട്. കോവിഡാനന്തര കാലഘട്ടത്തില്‍ ശ്വാസകോശ സംബന്ധമായ രോഗങ്ങളും മറ്റു രോഗങ്ങളും അലട്ടുന്ന പൊതുജനത്തിന്റെ ആയുസ്സിന് തന്നെ വെല്ലുവിളി ഉയര്‍ത്തുന്നതാണ് ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തം.
ശൈത്യകാലമായതിനാല്‍ അന്തരീക്ഷത്തില്‍ ദീര്‍ഘനേരം ഈര്‍പ്പം തങ്ങി നില്‍ക്കും. സര്‍ജിക്കല്‍ മാസ്‌കിനോ എന്‍ 95 മാസ്‌കിനോ ഇതിനെ തടഞ്ഞു നിര്‍ത്താന്‍ കഴിയില്ല. 2.5 മൈക്രോണിന് താഴെയുള്ള കണികകള്‍ മാസ്‌കിനുള്ളിലൂടെ കടന്ന് ശ്വാസകോശത്തിലെത്തി രാസവസ്തുക്കള്‍ രക്തത്തില്‍ അലിഞ്ഞു ചേരും.
രാവിലെയും വൈകീട്ടുമാണ് പ്രദേശത്ത് പുകനിറയുന്നത്. പകല്‍സമയത്ത് മുകളിലേക്ക് ഉയരുന്ന പുക അന്തരീക്ഷം തണുക്കുന്നതോടെ താഴേക്ക് പരക്കും. വൈകുന്നേരമാകുമ്പോഴാണ് പുകശല്യം കൂടുതലായി അനുഭവപ്പെടുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. വീടുകള്‍ അടഞ്ഞുകിടക്കുകയാണെങ്കിലും ഫാനിടുമ്പോള്‍ പുക അകത്തേക്ക് കയറും. പുകയ്‌ക്കൊപ്പം കരിയും താഴേക്ക് വരും.
ആരോഗ്യപ്രശ്‌നങ്ങളുള്ളവരെ ബ്രഹ്‌മപുരത്തു നിന്ന് മാറ്റിപ്പാര്‍പ്പിക്കുകയാണ് അടിയന്തരമായി ചെയ്യേണ്ടതെന്ന് ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിക്കുന്നു. ജോലിക്ക് പോകുന്നവരൊഴികെയുള്ളവരാരും പരമാവധി വീടുകളില്‍ നിന്ന് പുറത്തിറങ്ങാതിരിക്കുക, വാതിലുകളും ജനലുകളും തുറന്നിടാതെ ശ്രദ്ധിക്കുക, കൈകാലുകളും മുഖവും ഇടക്കിടെ കഴുകിക്കൊണ്ടിരിക്കുക, ഭക്ഷണ പദാര്‍ഥങ്ങളും കുടിവെള്ളവും മുടിവെക്കുക എന്നീ നിര്‍ദേശങ്ങളും അവര്‍ നല്‍കുന്നുണ്ട്.