LogoLoginKerala

തീയണക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന് ഉറപ്പില്ലെന്ന് വി ഡി സതീശന്‍

 
പ്രതിസന്ധി പരിഹരിക്കുന്നത് സംബന്ധിച്ച് സര്‍ക്കാരിന് ഇപ്പോഴും അവ്യക്തതയാണ്. തീ എന്ന് അണയ്ക്കും എന്നത് സംബന്ധിച്ച് ഒരു ഉറപ്പുമില്ല.

കൊച്ചി-ബ്രഹ്മപുരം വിഷയവുമായി ബന്ധപ്പെട്ട് ചേര്‍ന്ന മന്ത്രിതല യോഗം നിരാശപ്പെടുത്തുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. രണ്ട് മന്ത്രിമാര്‍ പങ്കെടുത്ത യോഗത്തില്‍ കേന്ദ്രീകൃത മാലിന്യ സംസ്‌ക്കരണ പദ്ധതി മാറ്റി ഉറവിടത്തില്‍ മാലിന്യം സംസ്‌ക്കരിക്കണമെന്ന പുതിയ രീതി മാത്രമാണ് മുന്നോട്ട് വച്ചത്. നിലവിലെ പ്രതിസന്ധി പരിഹരിക്കുന്നത് സംബന്ധിച്ച് സര്‍ക്കാരിന് ഇപ്പോഴും അവ്യക്തതയാണ്. തീ എന്ന് അണയ്ക്കും എന്നത് സംബന്ധിച്ച് ഒരു ഉറപ്പുമില്ല. ഒന്‍പതാം ദിവസവും തീ കത്തുകയാണ്. അപകടകരമായ വിഷാംശങ്ങള്‍ ചേര്‍ന്ന പുക നിറഞ്ഞതിനാല്‍ കൊച്ചിയില്‍ ഇന്ന് സൂര്യന്‍ ഉദിച്ചത് 9 മണിക്കാണ്. ഹ്രസ്വകാലത്തേക്കും ദീര്‍ഘകാലത്തേക്കും ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതാണ് ഈ പുക. എന്നിട്ടും ആരോഗ്യ പ്രശ്നങ്ങള്‍ സംബന്ധിച്ച പഠനം നടത്താന്‍ പോലും സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ല. ആരോഗ്യവകുപ്പ് 100 ബെഡ്ഡുമായി ജനറല്‍ ആശുപത്രിയില്‍ കാത്തിരിക്കുകയാണ്. കോവിഡ് മഹാമാരി വന്നതു പോലെയല്ല ഇപ്പോഴത്തെ സാഹചര്യത്തെ നേരിടേണ്ടത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് തീ അണയ്ക്കാന്‍ പറ്റുന്നില്ലെങ്കില്‍ കൃത്രിമ മഴ ഉള്‍പ്പെടെ എത്രയോ മാര്‍ഗങ്ങളുണ്ട്. അതിനെക്കുറിച്ചൊന്നും സര്‍ക്കാര്‍ ആലോചിക്കുന്നില്ല. തീ എപ്പോള്‍ നില്‍ക്കുമോ അപ്പോള്‍ നില്‍ക്കട്ടേയെന്ന നിലപാടിലാണ്. ഇക്കാര്യത്തില്‍ ഒരു ക്രൈസിസ് മാനേജ്മെന്റും സര്‍ക്കാരിനില്ല.
മാലിന്യം പെട്രോള്‍ ഒഴിച്ച കത്തിച്ചെന്നത് ക്രിമിനല്‍ കുറ്റമാണ്. അതേക്കുറിച്ച് ചോദിച്ചപ്പോള്‍ കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കുമെന്നാണ് പറയുന്നത്. ഈ 9 ദിവസവും കമ്മിഷണര്‍ എവിടെയായിരുന്നു? തെളിവുകള്‍ നശിപ്പിക്കുന്നതിന് മുന്‍പ് പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടു വരണമായിരുന്നു. പ്രാഥമിക അന്വേഷണം നടത്താന്‍ 9 ദിവസമായിട്ടും കഴിയാത്തതിന് കാരണം പ്രതികള്‍ വേണ്ടപ്പെട്ടവരായതു കൊണ്ടാണ്. പ്രതികളെ രക്ഷപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഒരു പരിഹാരവുമില്ലാതെ മന്ത്രിതല യോഗം അവസാനിച്ചത് നിരാശാജനകമാണ്.
അന്വേഷണം നടത്താതെ തീപിടിത്തത്തിന്റെ കാരണം മുഖ്യമന്ത്രിയുടെ ഓഫീസിന് എങ്ങനെയാണ് കിട്ടിയത്? സ്വന്തക്കാരെ രക്ഷിക്കാന്‍ ആകാശത്ത് നിന്നോ പറക്കും തളികയില്‍ നിന്നോ തീ ഇട്ടെന്നൊക്കെ ഭാവിയില്‍ കണ്ടെത്തിയേക്കാം. അന്വേഷണം നടക്കുമ്പോള്‍ എങ്ങനെയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നിഗമനത്തില്‍ എത്തുന്നത്. അതുതന്നെ അന്വേഷണത്തെ സ്വാധീനിക്കുന്നതാണ്. പതിനായിരക്കണക്കിന് ജനങ്ങളെ ഉത്കണ്ഠയിലാക്കിയ വിഷയത്തില്‍ അന്വേഷണം നടന്നേ മതിയാകൂ. സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും അനാസ്ഥയും അഴിമതിയും തീപിടിത്തത്തിന് പിന്നിലുണ്ട്. മാലിന്യം മാറ്റാനോ പ്രശ്നങ്ങള്‍ ഉണ്ടായാല്‍ നേരിടാനോ ഉള്ള സംവിധാനങ്ങള്‍ ഒന്നുമില്ല. തീ പിടിത്തം ഉണ്ടായ അതേ ദിവസത്തെ പദ്ധതിയാണ് ഒന്‍പതാം ദിനത്തിലും നടപ്പാക്കുന്നത്.